ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനം; കൊവിഡ് രോഗി മരിച്ചു

കൊവിഡ് ബാധിതനായ യുവാവ് മരണപ്പെട്ടിട്ടും പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ മൃതദേഹം തങ്ങള്‍ക്ക് കൈമാറുകയായിരുന്നു ആശുപത്രി അധികൃതരെന്നും വിലാസ് പറഞ്ഞു

Update: 2020-09-19 10:07 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് കൊവിഡ് രോഗി മരിച്ചു. 38 കാരനായ പ്രഭാകര്‍ എന്ന യുവാവാണ് ഗുജറാത്തിലെ രാജ്കോട്ട് സിവില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇദ്ദേഹം മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികള്‍ ആശുപത്രി ജീവനക്കാരനാണെന്ന് പാട്ടീലിന്റെ സഹോദരന്‍ വിലാസ് പാട്ടീല്‍ പോലിസില്‍ പരാതി നല്‍കി.

യുവാവ് മരണപ്പെടുന്നതിന് തൊട്ടുമുന്‍പായി ആശുപത്രി ജീവനക്കാര്‍ ഇദ്ദേഹത്തെ തല്ലിമര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു. കൊവിഡ് ബാധിതനായ യുവാവ് മരണപ്പെട്ടിട്ടും പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ മൃതദേഹം തങ്ങള്‍ക്ക് കൈമാറുകയായിരുന്നു ആശുപത്രി അധികൃതരെന്നും വിലാസ് പറഞ്ഞു. എന്നാല്‍ രോഗി മാനസിക നില തെറ്റിയ നിലയിലായിരുന്നു പെരുമാറിയിരുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പിപിഇ കിറ്റ് ധരിച്ച നഴ്സുമാരും സ്റ്റാഫുകളും നിലത്തുവീണുകിടക്കുന്ന ഇയാളുടെ നെഞ്ചില്‍ കാല്‍മുട്ട് അമര്‍ത്തി ഇരിക്കന്നതും മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഓപ്പറേഷന് വിധേയനാക്കി. തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാകുന്നത്. ഇതിന് ശേഷം സെപ്തംബര്‍ എട്ടിനാണ് ഇദ്ദേഹത്തെ രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നഗരത്തിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു പ്രഭാകര്‍. മനുഷ്യത്വ രഹിതമായിട്ടാണ് ആശുപത്രിക്കാര്‍ പെരുമാറിയതെന്നും മരണത്തിന് കാരണമായത് മര്‍ദ്ദനമാണെന്നും കുടുംബം ആരോപിച്ചു.സംഭവത്തില്‍ അധികൃതര്‍ക്കെതിേര കേസെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി




Tags:    

Similar News