കൊവിഡ് ശ്വാസകോശരോഗം മാത്രമല്ല, മാരകമായ രക്തം കട്ടപിടിക്കലിനും കാരണമാവുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയ രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിടി) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്നതിന്റെ വ്യാപനം കണ്ടെത്തിയിട്ടുണ്ട്. 2-5 ശതമാനം പേരില്‍ ആര്‍ട്ടേറിയല്‍ ത്രോംബോസിസും കണ്ടുവരുന്നതായി ആഗോളപഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൂടുതലായും കൊവിഡ് രോഗികളില്‍ ശ്വാസകോശത്തിലും രക്തക്കുഴലുകളിലും അണുബാധയാണ് കണ്ടുവരുന്നതെന്ന് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോതൊറാസിക് വാസ്‌കുലാര്‍ സര്‍ജനായ ഡോക്ടര്‍ അമരീഷ് സാത്വിക് പറഞ്ഞു.

Update: 2021-05-08 06:30 GMT

ന്യൂഡല്‍ഹി: കൊവിഡ് തുടക്കത്തില്‍ കരുതിയിരുന്നതുപോലെ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗം മാത്രമല്ല, അപകടകരമായ രീതിയില്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനും കാരണമാവുമെന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയവങ്ങള്‍ സംരക്ഷിക്കുന്നതിന് ധമനികള്‍ ഉടനടി നീക്കംചെയ്യേണ്ട സാഹചര്യമുണ്ടാവുമെന്നും വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയ രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിടി) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്നതിന്റെ വ്യാപനം കണ്ടെത്തിയിട്ടുണ്ട്.

2-5 ശതമാനം പേരില്‍ ആര്‍ട്ടേറിയല്‍ ത്രോംബോസിസും കണ്ടുവരുന്നതായി ആഗോളപഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൂടുതലായും കൊവിഡ് രോഗികളില്‍ ശ്വാസകോശത്തിലും രക്തക്കുഴലുകളിലും അണുബാധയാണ് കണ്ടുവരുന്നതെന്ന് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോതൊറാസിക് വാസ്‌കുലാര്‍ സര്‍ജനായ ഡോക്ടര്‍ അമരീഷ് സാത്വിക് പറഞ്ഞു. ആഴ്ചയില്‍ ശരാശരി ഇത്തരം അഞ്ച്- ആറ് കേസുകള്‍ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ ആഴ്ച ഇത്തരം സങ്കീര്‍ണതകളുടെ ഒരുദിവസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈപ്പ്2 പ്രമേഹരോഗികളില്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നതായി ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസ്‌കി വാസ്‌കുലാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അമരീഷ് കുമാര്‍ വിശദീകരിക്കുന്നു.

എന്നാല്‍, ഇത്തരമൊരു അവസ്ഥയുടെ കൃത്യമായ കാരണങ്ങള്‍ അജ്ഞാതമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരത്തില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന സിരകളില്‍ രക്തം കട്ടപിടിക്കുമ്പോഴുണ്ടാവുന്ന ഗുരുതരമായ അവസ്ഥയാണ് ഡിവിടി. ഹൃദയത്തില്‍നിന്ന് വിവിധ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആര്‍ട്ടേറിയല്‍ ത്രോംബോസിസ്. ധമനികളില്‍ വികസിക്കുന്ന ഒരു രക്തക്കട്ടയാണ് ആര്‍ട്ടേറിയല്‍ ത്രോംബോസിസ്. ഓക്‌സിജന്‍ അടങ്ങിയ രക്തം ഹൃദയത്തില്‍നിന്ന് ശരീരത്തിലേക്ക് കൊണ്ടുപോവുന്ന രക്തക്കുഴലുകളാണ് ധമനികള്‍. കൊവിഡ് രോഗികളില്‍ ധമനികളിലെ രക്തം കട്ടപിടിക്കല്‍. കൊവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് സംബന്ധിച്ച് അവയവ ധമനികളില്‍നിന്ന് പുറത്തെടുത്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് ഡോ. അമരീഷ് സാത്വിക് പറയുന്നു.

കൊവിഡ് രോഗികളില്‍ രക്തക്കട്ടകള്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ ചിത്രം. രക്തം കട്ടിപിടിക്കുന്ന അവസ്ഥയുണ്ടായാല്‍ രണ്ട് മുതല്‍ അഞ്ച് ശതമാനംവരെ രോഗികളില്‍ ഹൃദയാഘാതവും അവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്ന അവസ്ഥയും സംജാതമാവുന്നു. ഒരു കൊവിഡ് രോഗിയുടെ അവയവ ധമനികളില്‍നിന്ന് രക്തം കട്ടപിടിച്ചത് നീക്കം ചെയ്തത് വഴി അവയവം സംരക്ഷിക്കാന്‍ കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് ഇത് ചെയ്തത്. അല്ലെങ്കില്‍ രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാവുമായിരുന്നുവെന്നും സര്‍ജന്‍ വ്യക്തമാക്കി. ഒരുവര്‍ഷത്തിലേറെയായി ഞങ്ങള്‍ കൊവിഡിനെക്കുറിച്ചുള്ള പഠനത്തിലാണ്. കൊവിഡ് ആദ്യമായി ചൈനയെയും പടിഞ്ഞാറന്‍ രാജ്യങ്ങളെയും ബാധിച്ചപ്പോള്‍ സാധാരണ വൈറല്‍ ന്യുമോണിയയാണെന്ന് കരുതി. ഇത് ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാവുന്നുവെന്നും കണ്ടെത്തി.

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം (ARDS)മൂലമാണ് കൊവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നായിരുന്നു ആദ്യനിഗമനങ്ങള്‍. തുടര്‍പഠനങ്ങളിലാണ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. കൊവിഡ് രോഗികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ശ്വാസകോശത്തിലെ മൈക്രോ സര്‍ക്കുലേഷനില്‍ അവര്‍ രക്തക്കട്ടകള്‍ കണ്ടെത്തുകയായിരുന്നു. അതിനാല്‍, കൊവിഡ് ശ്വാസകോശ രോഗത്തിലുപരി രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു രോഗമാണ്. രക്തക്കുഴലുകള്‍ ശരീരത്തിലാകമാനമുള്ളതിനാല്‍ ഏതുഭാഗത്ത് വേണമെങ്കിലും രക്തക്കട്ടകള്‍ രൂപീകൃതമാവാം. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 20 മുതല്‍ 30 ശതമാനം വരെ രോഗികളില്‍ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും സാത്വിക് കൂട്ടിച്ചേര്‍ത്തു.

അപൂര്‍വമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രല്‍ വെനസ് ത്രോംബോസിസ്(സിവിടി). മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ കൊവിഡ് രോഗികളില്‍ കാണപ്പെടുന്നു. ഇത് കണ്ടുവരുന്ന 30 ശതമാനത്തോളം കൊവിഡ് രോഗികളും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അഞ്ചുലക്ഷം കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ദശലക്ഷത്തില്‍ 39 പേര്‍ക്ക് സിവിടി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുള്ളത്. രക്തം നേര്‍പ്പിക്കാനുള്ള മരുന്ന് നല്‍കുന്നത് നില മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ അംബരീഷ് സാത്വിക് പറയുന്നു.

രക്തം കട്ടപിടിക്കുന്ന അവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചറിയാനായാല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ രോഗിയെ രക്ഷിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. കൊവിഡും രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കലും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി കഴിഞ്ഞ കൊല്ലം നവംബറില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിച്ചിരുന്നു. ത്രോംബോ എംബോളിസം (ടിഇ) അഥവാ രക്തക്കട്ടകള്‍ രൂപംകൊള്ളുന്നത് മൂലം സിരകളിലും ധമനികളിലും രക്തചംക്രമണം തടസ്സപ്പെട്ട് രോഗികളുടെ ജീവന് ഭീഷണിയാവുന്നതായി ലേഖനം മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച യൂനിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ് പഠനമനുസരിച്ച് അപൂര്‍വമായി രക്തം കട്ടപിടിക്കാനുള്ള സാധ്യത സാധാരണയേക്കാള്‍ കൊവിഡ് രോഗികളാണെങ്കില്‍ 100 മടങ്ങ് കൂടുതലാണ്.

Tags:    

Similar News