കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമണം: സിപിഎം പ്രവര്‍ത്തകരെ പുറത്താക്കി

Update: 2020-04-09 12:31 GMT

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെ തണ്ണിത്തോട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ആക്രണം അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്നു വിലയിരുത്തിയ സിപിഎം ജില്ലാ കമ്മിറ്റി സംഭവത്തില്‍ ഉള്‍പ്പെട്ടെന്നു മനസ്സിലായ പാര്‍ട്ടി അംഗങ്ങളായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സന്‍ എന്നിവരെ പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്നു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ ആറു പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

    ഇക്കഴിഞ്ഞ 19ന് കോയമ്പത്തൂരില്‍നിന്നെത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. കേബിള്‍ ഓപറേറ്ററായ പിതാവ് മകള്‍ വന്നശേഷം ഓഫിസിലാണു താമസം. പിതാവ് റോഡിലിറങ്ങി നടക്കുന്നുവെന്നു പറഞ്ഞ് പേരില്‍ തണ്ണിത്തോട് മാഗസിന്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി വീടിനുനേരേ കല്ലേറും അടുക്കളഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയും ചെയ്തത്. നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ഏത് പാര്‍ട്ടിക്കാരായാലും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.


Tags: