കൊവിഡ്: ഹജ്ജ് യാത്രയ്ക്കുള്ള വിലക്ക് ഇന്തോനേഷ്യ ഈ വര്‍ഷവും തുടരും

Update: 2021-06-03 18:28 GMT
ക്വാലാലംപൂര്‍: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള വിലക്ക് തുടരുമെന്ന് ഇന്തോനേഷ്യ. പകര്‍ച്ചവ്യാധിയും തീര്‍ഥാടകരുടെ സുരക്ഷയും കണക്കിലെടുത്തും ഈ വര്‍ഷം ഇന്തോനേഷ്യന്‍ തീര്‍ഥാടകരെ ഹജ്ജിനു പോവാന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മതകാര്യ മന്ത്രി യാകുത് ചോലിന്‍ ക്വാമൊസ് വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഇത് തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് കൊവിഡ് കാരണം ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കുന്നത്.

    ഇന്തോനേഷ്യയ്ക്കു മാത്രമല്ല, ഒരു രാജ്യത്തിനും ക്വാട്ട ലഭിച്ചിട്ടില്ലെന്നും ധാരണാപത്രം ഒപ്പിട്ടിട്ടില്ല. ഇത്തവണ ഹജ്ജ് ഫീസ് അടച്ച തീര്‍ത്ഥാടകര്‍ക്ക് അടുത്ത വര്‍ഷം അവസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പടരുന്നത് തടയാനായി 2020ല്‍ വിദേശത്തുള്ള മുസ് ലിംകളെ ഹജ്ജില്‍ പങ്കെടുക്കുന്നതിന് സൗദി അറേബ്യ വിലക്കിയിരുന്നു. സമീപകാല ചരിത്രത്തിലെ ആദ്യത്തെ നിരോധനമാണിത്. മാത്രമല്ല, ആയിരത്തോളം പേര്‍ക്ക് അതുതന്നെ സൗദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്.

    കൊവിഡ് 19 പ്രതിരോധ കുത്തിവയ്‌പെടുത്തവരെ ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മാര്‍ച്ചില്‍ അറിയിച്ചിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം വിദേശ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ കുറിച്ച് സൗദി അറേബ്യ പുനരാലോചന നടത്തുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹജ്ജ് തീര്‍ഥാടനത്തിന് ആറുമാസം മുമ്പെങ്കിലും വാക്‌സിനേഷന്‍ എടുക്കുകയോ കൊവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത സ്വദേശി തീര്‍ഥാടകരെ മാത്രമേ അനുവദിക്കേണ്ടതുള്ളൂവെന്നാണ് അധികൃതരുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചത്.

    കൊവിഡ് മഹാമാരി കാരണം സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് ഏകദേശം 25 ദശലക്ഷം തീര്‍ഥാടകര്‍ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ഹജ്ജിനെത്താറുണ്ടായിരുന്നു. മക്കയിലെയും മദീനയിലെയും ഇസ്‌ലാമിന്റെ വിശുദ്ധ സ്ഥലങ്ങളിലാണ് തീര്‍ത്ഥാടകരുണ്ടാവുക. ഇതിനുപുറമെ, വര്‍ഷം മുഴുവനും ഉംറ തീര്‍ത്ഥാടനത്തിനും ലക്ഷങ്ങളാണ് പങ്കെടുക്കാറുണ്ടായിരുന്നത്. ആകെ ഏകദേശം 12 ബില്യണ്‍ യുഎസ് ഡോളര്‍ ഇതുവഴി സൗദി അറേബ്യയ്ക്ക് ലഭിക്കുന്നതായാണു റിപോര്‍ട്ട്.

Covid: Indonesia will continue to ban pilgrimages this year


Tags:    

Similar News