രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ നാലുലക്ഷത്തിന് മുകളില്‍തന്നെ; ആകെ കേസുകള്‍ 2.18 കോടി കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,342 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,192 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,18,86,725 ആയി ഉയര്‍ന്നിരിക്കുകയാണ്. 2,38,266 പേരാണ് ഇതുവരെ വൈറസിന്റെ പിടിയില്‍പ്പെട്ട് മരണപ്പെട്ടത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിയാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിന് മുകളില്‍ത്തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,342 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,192 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,18,86,725 ആയി ഉയര്‍ന്നിരിക്കുകയാണ്. 2,38,266 പേരാണ് ഇതുവരെ വൈറസിന്റെ പിടിയില്‍പ്പെട്ട് മരണപ്പെട്ടത്.
37,21,882 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. 1,79,17,085 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതില്‍ 3,19,469 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി ലഭിച്ചവരാണ്. അമേരിക്കക്കും ബ്രസീലിനും ശേഷം ഒരുദിവസം 4,000 ലധികം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഫെബ്രുവരി 14 ന് ശേഷം രാജ്യത്ത് 82,000 ത്തിലധികം കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ കൊവിഡ് തരംഗത്തിന്റെ 82 ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒരുവര്‍ഷത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ഡല്‍ഹി, ഹരിയാന, ബിഹാര്‍, യുപി, ഒഡീഷ, രാജസ്ഥാന്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.
മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുകയാണ്. കൊവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം മരണങ്ങളും കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്റെ ദൗര്‍ലഭ്യം ചികില്‍സകളെ പ്രതികൂലമായി ബാധിക്കുന്നു. പ്രാണവായു കിട്ടാതെ ആശുപത്രികളില്‍ പിടഞ്ഞുവീഴുന്ന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
