രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൊവിഡ്; 514 മരണം; 53,357 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 83.13 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 514 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1,23,611 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്. 6862 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായി പത്താം ദിവസവും കൊവിഡ് പ്രതിദിന കണക്ക് 50,000ല്‍ താഴെയെത്തിയത് നേട്ടമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കാണുന്നത്. ഇന്നലെ മാത്രം 53,357 പേരാണ് രോഗമുക്തി നേടിയത്്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍, 7618 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി.
6725 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷമായി. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.29 ശതമാനമാണ്. 59,540 ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതാദ്യമായാണ് ഇവിടെ പ്രതിദിന രോഗികളുടെ കണക്ക് 6000 കടക്കുന്നത്.