രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്ക് വൈറസ് ബാധ

Update: 2022-01-11 05:13 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് 1.79 ലക്ഷം കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഒരുദിവസം മാത്രം 277 മരണവും രേഖപ്പെടുത്തി. നിലവില്‍ രാജ്യത്ത് 8,21,446 സജീവ കേസുകളാണുള്ളത്. ഇത് മൊത്തം കേസുകളുടെ 2.29 ശതമാനമാണ്. മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,58,75,790 ആയി ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ മരണസംഖ്യ 4,84,213 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4,461 ആയി ഉയര്‍ന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തെ 13.29 ശതമാനത്തില്‍നിന്ന് ഇന്ന് 10.64 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനവും രേഖപ്പെടുത്തി. ഇന്ത്യ ഇതുവരെ 69.31 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 15,79,928 പേരെ ഇന്നലെയാണ് പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,959 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,45,70,131 ആയി. ഇന്ത്യയിലെ രോഗമുക്തി നിരക്ക് നിലവില്‍ 96.36 ശതമാനമാണ്. ഇന്ത്യ ഇതുവരെ 152.89 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ 33,470 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ 1,247 ഒമിക്രോണ്‍ വേരിയന്റും തിങ്കളാഴ്ച എട്ട് മരണങ്ങളും ഉള്‍പ്പെടുന്നു. കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. ഇത് ജനുവരി അവസാനത്തോടെ ഏറ്റവും ഉയര്‍ന്ന നിലയിലാവും. അതേസമയം, ഉത്തര്‍പ്രദേശിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളില്‍ തുടരുന്നു. ഡല്‍ഹിയില്‍ പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്.

കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടും. 100 പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളില്‍ 300 പേരിലേക്ക് ഒമിക്രോണ്‍ പടരുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കൊവിഡ് ബാധിതരില്‍ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. കരുതല്‍ ഡോസ് ഇതുവരെ 11 ലക്ഷം പേര്‍ക്ക് നല്‍കി. കരുതല്‍ ഡോസ് വിതരണത്തിന്റ ആദ്യ ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം പേരാണ് മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി.

Tags:    

Similar News