ഇനി മുതല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വിവരവും പ്രസിദ്ധീകരിക്കും

ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

Update: 2021-07-02 14:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തിയ്യതിയും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഇനി മുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്.

ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ കള്ളക്കളിയുണ്ടെന്നും കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നുമാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് മരണത്തില്‍ സര്‍ക്കാരിന് ദുരഭിമാനത്തിന്റെ ആവശ്യമില്ലെന്നും കൊവിഡ് മരണമുണ്ടായാല്‍ സര്‍ക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയില്‍ നിരവധി രാജ്യങ്ങളില്‍ ആളുകള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ സര്‍ക്കാരിന് മേനിനടിക്കാന്‍ വേണ്ടിയാണ് മരണങ്ങള്‍ കുറച്ചുകാണിച്ചത്. ഇതിനായി ഗൂഢാലോചന നടത്തി. ഇത് പുറത്തുവരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്കുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags: