പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നര വയസ്സുകാരിക്ക് കൊവിഡ്

Update: 2020-07-25 13:03 GMT

കാസര്‍കോഡ്: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്നരവയസ്സുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജപുരം പാണത്തൂര്‍ വട്ടക്കയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ മൂന്നു ദിവസം മുമ്പാണ് വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ബിഹാര്‍ സ്വദേശികളായ അധ്യാപക ദമ്പതികള്‍ ജൂലൈ 16 മുതല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വീട്ടിലെ ജനല്‍ കര്‍ട്ടനിലൂടെ ഇഴഞ്ഞെത്തിയ അണലിയാണ് കുഞ്ഞിനെ കടിച്ചതെന്നാണ് പറയപ്പെടുന്നത്. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചപ്പോള്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ അടുത്തേക്കു വരാന്‍ ആദ്യം ആരും തയ്യാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റതിനുള്ള ചികില്‍സയ്ക്കു പുറമെ കുട്ടിയെ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. പരിശോധനാഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോഴാണ് പെണ്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ജിനില്‍ മാത്യുവിനോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

    നേരത്തേ, ചക്ക വീണ് പരിക്കേറ്റ യുവാവിനും പരിയാരം മെഡിക്കല്‍ കോളജില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് വീടിനു മുകളില്‍ നിന്നു വീണ് പരിക്കേറ്റ കാസര്‍കോഡ് സ്വദേശിയായ മംഗലാപുരത്ത് വിദ്യാര്‍ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Covid confirmed a one and half year old girl who was bitten by a snake 

Tags:    

Similar News