ഡല്‍ഹിയില്‍ കൊവിഡ് തീവ്രവ്യാപനം; പ്രതിദിന രോഗികള്‍ 20,000 കടന്നു, ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലും കൂടുതല്‍ കിടക്കകള്‍

ഡല്‍ഹി സര്‍ക്കാര്‍ 14 ആശുപത്രികളിലായി കൊവിഡ് രോഗികള്‍ക്കായി 5,650 സാധാരണ കിടക്കകളും 2,075 ഐസിയു കിടക്കകളും വര്‍ധിപ്പിച്ചു. ദേശീയ തലസ്ഥാനത്തുടനീളമുള്ള എട്ട് കൊവിഡ് കെയര്‍ സെന്ററുകളിലായി 2,800 കിടക്കകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Update: 2022-01-09 06:22 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലും കിടക്കകള്‍ വധിപ്പിച്ചു. ഡല്‍ഹി സര്‍ക്കാര്‍ 14 ആശുപത്രികളിലായി കൊവിഡ് രോഗികള്‍ക്കായി 5,650 സാധാരണ കിടക്കകളും 2,075 ഐസിയു കിടക്കകളും വര്‍ധിപ്പിച്ചു. ദേശീയ തലസ്ഥാനത്തുടനീളമുള്ള എട്ട് കൊവിഡ് കെയര്‍ സെന്ററുകളിലായി 2,800 കിടക്കകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രികളില്‍ 13,300 കിടക്കകള്‍ ഇപ്പോഴും ലഭ്യമാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വളരെ കുറച്ച് രോഗികളാണ് ഈ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

എന്നാല്‍, ഡല്‍ഹിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഞങ്ങള്‍ ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണ്. കിടക്കകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ഗുരുതരമായ സാഹചര്യം നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ സജ്ജമാണ്. കൊറോണ വൈറസിന്റെ ഈ തരംഗത്തെ തടയുന്നതിനും സംസ്ഥാനത്തെ എല്ലാ ആളുകള്‍ക്കും കൃത്യസമയത്ത് ചികില്‍സ നല്‍കുന്നതിനും ഡല്‍ഹിയുടെ ആരോഗ്യസംവിധാനം പൂര്‍ണമായും സജ്ജമാണെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,181 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം മെയ് 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണിത്. ആരോഗ്യവകുപ്പ് ബുള്ളറ്റിന്‍ പ്രകാരം ഈ ദിവസത്തെ പോസിറ്റീവ് നിരക്ക് 19.60 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,965 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,26,979 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,869 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യതലസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 14,53,658 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാരകമായ വൈറസ് ബാധിച്ച് ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബുള്ളറ്റിന്‍ പറയുന്നു. ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 25,143 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ 48,178 സജീവ കൊവിഡ് കേസുകളാണുള്ളത്.

Tags: