കൊവിഡ് ബിഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ഒരു കാരണമല്ലെന്ന് സുപ്രിംകോടതി

243 അംഗ നിയമസഭയിലേക്കാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Update: 2020-08-28 08:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ബീഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാവില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബറില്‍ നടക്കേണ്ട ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി.

തിരഞ്ഞെടുപ്പ് പരമപ്രധാനമല്ല, മറിച്ച് മനുഷ്യജീവിതമാണെന്നും, കൊവിഡ് -19 പാന്‍ഡെമിക് മൂലം എംഎല്‍എമാരും സാധാരണക്കാരും പോലും ദുരിതമനുഭവിക്കുന്നുവെന്നും ഹരജിയില്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് സുപ്രിം കോടതിയല്ല തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാപരമായ കമ്മീഷന്റെ അധികാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. കൊവിഡ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമായി പരിഗണിക്കാനാകില്ലെന്നും സുപ്രിം കോടതി പറഞ്ഞു,

കൊവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കമുള്ള ബിഹാറിലെ 7 പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരുന്നു. വൈറസ് വ്യാപനത്തെ മുഖ്യമന്ത്രിയും എന്‍ഡിഎയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപിയും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു. 243 അംഗ നിയമസഭയിലേക്കാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, ജെഡിയു-എല്‍ജെപി എന്നിവര്‍ അടങ്ങുന്ന എന്‍ഡിഎ സഖ്യവും ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലാണ് ബിഹാറില്‍ മത്സരം നടക്കുന്നത്.




Tags:    

Similar News