കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ജില്ലവിട്ട് യാത്ര ചെയ്യുന്നവര്‍ ആര്‍ആര്‍ടിയെ അറിയിക്കണം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ആരാധനാലയങ്ങളില്‍ 65 വയസ്സിന് മുകളില്‍ ഉള്ളവരും 10 വയസ്സിന് താഴെയുള്ളവരും പ്രവേശിക്കാന്‍ പാടില്ല.

Update: 2020-07-15 05:51 GMT

കോഴിക്കോട്: കൊവിഡ് വ്യാപനവും ഉറവിടം അറിയാത്ത രോഗികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. അന്തര്‍ ജില്ലായാത്ര നടത്തുന്നവര്‍ വാര്‍ഡ് ആര്‍ആര്‍ടിയെ അറിയിക്കണം.

തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആന്റിജന്‍ ടെസ്റ്റില്‍ 43 പേര്‍ കൂടി കൊവിഡ് പോസിറ്റീവായി. വടകരയില്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരുടെ എണ്ണം 16 ആയി. ജില്ലയില്‍ ഇന്നലെ 58 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

അതേസമയം ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ 209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും നിരവധി പേര്‍ നിരീക്ഷണത്തിലാവുകയും ചെയ്തതോടെയാണ് നടപടി കര്‍ശനമാക്കിയത്. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30,34 പ്രകാരവും സിആര്‍പിസി സെക്ഷന്‍ 144(1),(2), (3) പ്രകാരവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ജില്ലയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചാല്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ് ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിങ്ങനെ ജനങ്ങള്‍ ഒത്തുകൂടന്ന സ്ഥലങ്ങളില്‍ നിന്നുമാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ആരാധനാലയങ്ങളില്‍ 65 വയസ്സിന് മുകളില്‍ ഉള്ളവരും 10 വയസ്സിന് താഴെയുള്ളവരും പ്രവേശിക്കാന്‍ പാടില്ല. 

Tags:    

Similar News