കൊവിഡ് 19: യുഎഇയില്‍ രണ്ട് പേര്‍കൂടി മരിച്ചു -ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം

വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-04-10 19:16 GMT

ദുബയ്: യുഎഇയില്‍ രണ്ട് പേര്‍കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യക്കാരായ രണ്ട് പ്രവാസികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 16 ആയി. 370 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 3360 ആയി ഉയര്‍ന്നു. 150 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവര്‍ 418 ആയി.

അതേസമയം, ഗള്‍ഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫില്‍ ഇന്ത്യന്‍ പ്രവാസികള്‍ സുരക്ഷിതരാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഗള്‍ഫില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.

വിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള പ്രവാസികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

1400 ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന് ലഭിച്ച കണക്ക്. അവര്‍ക്ക് ചികില്‍സയും ഐസൊലേഷന്‍ സൗകര്യവും ലഭ്യമാകുന്നുണ്ട്. കാര്യങ്ങള്‍ നിന്ത്രണവിധേയമാണ്. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഇത് ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യസെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Tags: