കൊവിഡ് 19: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനം; ഗ്രാമീണ റോഡുകളും അടയ്ക്കുന്നു

Update: 2020-04-21 11:14 GMT

കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ ഏറ്റവും സങ്കീര്‍ണമായി കൊവിഡ് ബാധിത ജില്ലയായി കണ്ണൂര്‍ മാറുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനമായി. മെയ് മൂന്നുവരെ യാതൊരു വിധത്തിലുമുള്ള ഇളവുകളും കണ്ണൂരില്‍ അനുവദിക്കേണ്ടെന്നാണു തീരുമാനം. മാത്രമല്ല, ഇന്നലെ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്ത ആറു കൊവിഡ് കേസുകളും കണ്ണൂരിലെ വിവിധ ഭാഗങ്ങളിലാണെന്നിരിക്കെ ഏതാനും ഗ്രാമീണ റോഡുകള്‍ അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്. ബാരിക്കേഡ് സ്ഥാപിച്ച ഇവിടങ്ങളില്‍ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യുമെന്നു പോലിസ് അറിയിച്ചിട്ടുണ്ട്. നേരത്തേ കാസര്‍കോഡ് വന്‍തോതില്‍ കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ മാതൃകയിലാണ് കണ്ണൂരില്‍ ഇക്കുറി നിയന്ത്രണങ്ങള്‍.

    അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലിസ് ഇന്നലെ അറിയിച്ചിട്ടും ഇന്ന് രാവിലെ മുതല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത് പോലിസിനെ വട്ടംകറക്കി. ഇതോടെ മാട്ടൂല്‍-മടക്കര പാലം, കക്കാട് കോര്‍ജാന്‍ യുപി സ്‌കൂള്‍ പരിസരം, പഴയങ്ങാടി-പുതിയങ്ങാടി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നു. യായിരുന്നു. ഐ ജി അശോക് യാദവിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് എസ്പിമാര്‍ക്കാണ് നിരീക്ഷണ ചുമതല. അത്യാവശ മരുന്നുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ 18 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.


Tags:    

Similar News