കൊവിഡ് -19: തിരുവനന്തപുരം ജില്ലയില്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം

ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും

Update: 2020-03-20 17:15 GMT

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്ക് 50ല്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ല. എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍ നടപടി സ്വീകരിക്കണം. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.




Tags: