കണ്ണൂര്‍: കൊവിഡ് 19 നിരീക്ഷണത്തിലുള്ള യുവാവിനു രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നതിനാല്‍ ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയെ പരിശോധിച്ച കാങ്കോലിലെ ഡോക്ടറെയാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചുത്. ശനിയാഴ്ച വൈകീട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ആശങ്ക പടര്‍ത്തിയതോടെയാണ് നടപടി.
പെരിങ്ങോം സ്വദേശിയായ യുവാവ് ഈ മാസം ഏഴിനാണ് കാങ്കോലിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തുന്നത്. ഡോക്ടര്‍ റഫര്‍ ചെയ്ത പ്രകാരമാണ് ഇയാളെ പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എന്നാല്‍ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജപ്രചരണം വ്യാപകമായതോടെ ആശങ്കയകറ്റാന്‍ ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധനയ്ക്കയച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.