കൊവിഡ് 19 : അവശ്യവസ്തുക്കളുടെ വില്‍പ്പനയ്ക്ക് പാസ്സ് നിര്‍ബന്ധമാക്കി

അനാവശ്യമായി ജനങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുന്നത് തടയുന്നതിനും അവശ്യസാധനങ്ങള്‍ വില്‍ക്കുന്നു എന്നതിന്റെ മറവില്‍ അനാവശ്യമായി കടകള്‍ തുറന്നിരിക്കുന്നത് തടയുന്നതിനുമാണ് പാസ്സ് നിര്‍ബന്ധമാക്കിയത്.

Update: 2020-03-26 05:26 GMT

തൃശൂര്‍: അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിന് കച്ചവടക്കാര്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കി പോലിസ്. അനാവശ്യമായി ജനങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുന്നത് തടയുന്നതിനും അവശ്യസാധനങ്ങള്‍ വില്‍ക്കുന്നു എന്നതിന്റെ മറവില്‍ അനാവശ്യമായി കടകള്‍ തുറന്നിരിക്കുന്നത് തടയുന്നതിനുമാണ് പാസ്സ് നിര്‍ബന്ധമാക്കിയത്. അതേസമയം, അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പോലീസ് പാസ്സ് വേണ്ടവരില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍, ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ പമ്പ് ജീവനക്കാര്‍ എന്നിവരെയാണ് പോലിസ് പാസ്സ് സമ്പ്രാദായത്തില്‍ നിന്ന് ഒഴിവാക്കിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് പോകുമ്പോള്‍ ഇവര്‍ക്ക് തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലിസിനെ കാണിച്ചാല്‍ മതിയാകും. കൂടാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിറ്റി പോലിസിന് കീഴിലുള്ള എല്ലാ പോലിസ് സ്റ്റേഷന്‍ പരിധികളിലും പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പോലിസ് വാഹനത്തില്‍ ഉച്ചഭാഷിണിയിലൂടെ അറിയിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. 



Tags:    

Similar News