കൊവിഡ്: ഒമാനില്‍ ബാര്‍ബര്‍ ഷോപ്പുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെ തുറക്കാന്‍ അനുമതി; ജനജീവിതം സാധാരണ നിലയിലേക്ക്

Update: 2020-08-25 15:37 GMT

മസ്‌കത്ത്: ഒമാനില്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിെന്റ ഭാഗമായി അടച്ചിട്ടിരുന്ന ബാര്‍ബര്‍ഷോപ്പുകള്‍, ഫിറ്റ്നെസ് സെന്ററുകള്‍, എല്ലാ റെസ്റ്റോറന്റുകള്‍ കഫേകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍, പരമ്പരാഗത മെഡിസിന്‍ ക്ലിനിക്കുകള്‍, വെഡ്ഡിംഗ് സപ്ലൈസ് ഷോപ്പുകള്‍, ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് റൂമുകള്‍ തുടങ്ങിയവക്ക് നാളെ മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി.

കൂടാതെ എല്ലാ തരം സ്വകാര്യ റസ്‌റ്റോറന്റുകളിലും കോഫിഷോപ്പുകളിലും നാളെ മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി.ഒട്ടകയോട്ട വേദികള്‍, ലേസര്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍, വിവാഹ സാധനങ്ങള്‍ വില്‍പന നടത്തുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്

വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ ആഴ്ചകളില്‍ അനുമതി നല്‍കിയിരുന്നെങ്കിലും ചില മേഖലകളുടെ വിലക്ക് തുടരുകയായിരുന്നു. ഇവ കൂടി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ രാജ്യം പൂര്‍ണമായി സാധാരണ നിലയിലേക്ക് മാറും. എന്നാല്‍ എല്ലാതരത്തിലുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളും സുരക്ഷാ നടപടികളും പാലിച്ചുവേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും സുപ്രിം കമ്മിറ്റി യോഗം നിര്‍ദേശം നല്‍കി. മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും ഏത് സമയത്തും അനുവദനീയമായ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം. എല്ലാ സാധനങ്ങളും ഉപയോഗത്തിനുശേഷവും ശുചിത്വം പാലിക്കുക, നിര്‍ബന്ധിത സാമൂഹിക അകലം ഉറപ്പാക്കണം എന്നിങ്ങനെ നിര്‍ദേശങ്ങളില്‍ ഉള്‍പെടുന്നു







Tags: