വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണം: മന്ത്രി ഇപി ജയരാജന്‍

രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണം. രോഗവ്യാപന സാധ്യതയുള്ളതു കൊണ്ടാണ് ഈ നിര്‍ദേശം വച്ചതെന്നും എല്ലാവരും നാട്ടിലെത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ജയരാജന്‍ പറഞ്ഞു.

Update: 2020-06-16 08:23 GMT

തിരുവനന്തപുരം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ഇപി ജയരാജന്‍. രോഗമുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി.

ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രമല്ല, വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണം. രോഗവ്യാപന സാധ്യതയുള്ളതു കൊണ്ടാണ് ഈ നിര്‍ദേശം വച്ചതെന്നും എല്ലാവരും നാട്ടിലെത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ജയരാജന്‍ പറഞ്ഞു. വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ കൊവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ നിലപാട് വ്യക്തമാക്കല്‍. ഈ മാസം വിദേശത്തുനിന്ന് രണ്ടു ലക്ഷം പേര്‍ എത്തുമെന്നാണു കണക്കാക്കുന്നത്. ഇതിനകം 812 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ വഴി 360 വിമാനങ്ങളുടെ സര്‍വീസും ഉണ്ടാകും.

ഗള്‍ഫില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടാകൂ എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്രവാസികളും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യം തീരുമാനിക്കുവെന്ന് തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.





Tags: