കൊവിഡ് യുപിയിൽ രൂക്ഷമാവും; ഓക്സിജൻ സൗകര്യമുള്ള 16,000 ഐസോലേഷൻ കിടക്കളുടെ കുറവുണ്ടാകും
പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിലുളള മഹാരാഷ്ട്രയെ ഉത്തർപ്രദേശ് മറികടക്കും.
ന്യൂഡൽഹി: ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഉത്തർപ്രദേശ് മുന്നിലെത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഏപ്രിൽ 30 ആവുമ്പോഴേക്കും യുപിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1,19,000 ആവുമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അവതരിപ്പിച്ച അടുത്ത ആഴ്ചത്തേക്കുള്ള പ്രൊജക്ഷനിലാണ് ഇക്കാര്യം പറയുന്നത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് ഇതവതരിപ്പിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിലുളള മഹാരാഷ്ട്രയെ ഉത്തർപ്രദേശ് മറികടക്കും. കൊവിഡ് രോഗ ചെയിൻ പൊട്ടിച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 30ന് പ്രതീക്ഷിക്കുന്ന പ്രതിദിന രോഗികളുടെ കണക്കും യോഗത്തിൽ പുറത്തുവിട്ടു.
മഹാരാഷ്ട്ര- 99,605 , ഡൽഹി- 67,134, ഛത്തീസ്‌ഗഢ്- 61,474, രാജസ്ഥാൻ- 55,096, മദ്ധ്യപ്രദേശ്- 46,756, കേരളം- 38,657, കർണാടകം-38,371, തമിഴ്നാട്- 26,416, ഗുജറാത്ത്- 25,440 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കണക്കുകൾ. അതേ സമയം കൊവിഡ് രൂക്ഷമായ ഈ പത്ത് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധിച്ചാൽ ചികിൽസിക്കാൻ മതിയായ പശ്ചാത്തല സൗകര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അടുത്ത ആഴ്ചയാവുമ്പോഴേക്കും ഡൽഹിയിലും യുപിയിലും ഓക്സിജൻ സൗകര്യമുള്ള 16,000 ഐസോലേഷൻ കിടക്കളുടെയും 2500 ഐസി യൂണിറ്റുകളുടെയും കുറവുണ്ടാകും. ചികിൽസാ സൗകര്യക്കുറവുണ്ടാകുമ്പോൾ മരണ സംഖ്യ കൂടും. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങൾ ഉടൻ വർധിപ്പിക്കുക, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളെക്കൊണ്ട് കൂടുതൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കുകയല്ലാതെ വേറെ പോംവഴിയില്ലെന്നാണ് വിലയിരുത്തൽ.
