ഡല്‍ഹിയില്‍ മദ്യവില്‍പനശാലകള്‍ തിങ്കളാഴ്ച തുറക്കാന്‍ അനുമതി

Update: 2020-05-03 11:59 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ലേറെ മദ്യവില്‍പ്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മദ്യവില്‍പനശാലകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയില്‍ മാളുകളിലടക്കം 545 മദ്യഷാപ്പുകള്‍ ഉണ്ടെന്നാണ് ഡല്‍ഹി എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. മാളുകളിലല്ലാതെ 450 മദ്യഷാപ്പുകള്‍ ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ഇവ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രത്തിന്റെ ലോക്ക് ഡൗണ്‍ ഇളവുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ കൊറോണ ബാധിത മേഖലകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകളുടെ കണക്കെടുപ്പ് നടത്തിയിരുന്നു.

    രാജ്യത്ത് മെയ് നാലുമുതല്‍ മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനിടെയാണ് ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ് സോണിലെ ഹോട്ട് സ്‌പോട്ടുമല്ലാത്ത പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. അതേസമയം ഡല്‍ഹിയിലെ 11 ജില്ലകളും റെഡ്‌സോണുകളുടെ പട്ടികയിലാണ്. കൂടാതെ 96 പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ മാളുകളിലും മാര്‍ക്കറ്റുകളിലുമല്ലാതെ പ്രവര്‍ത്തിക്കുന്ന ആവശ്യവസ്തുക്കളുടെ വില്പന, 33 ശതമാനം ആളുകളോടെ ഓഫിസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 384 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.

    അതേസമയം കേരളത്തിലും മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്.


Tags:    

Similar News