കൊവിഡ് 19: കണ്ണൂരില്‍ വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

Update: 2020-05-30 05:27 GMT

കണ്ണൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. സംസ്ഥാന ശരാശരിയേക്കാള്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു ആലോചന. ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രയും പറഞ്ഞു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

    മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നാണു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചതെന്നാണു കണ്ടെത്തല്‍. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാവാം ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ്

    ആരോഗ്യവകുപ്പ് അധികൃതരുടെയും നിഗമനം. ഇതേത്തുടര്‍ന്ന് മല്‍സ്യ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടിരുന്നു. ജില്ലയില്‍ ചികില്‍സയിലുള്ള 93 കൊവിഡ് രോഗികളില്‍ 25ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മാത്രമല്ല, 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിലവില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി നിലനില്‍ക്കുകയാണ്. ജില്ലയില്‍ അടുത്ത ദിവസം തന്നെ നിരോധനാഞ്ജ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.


Tags:    

Similar News