ദുബായ് വീണ്ടും പഴയ സ്ഥിതിയിലേക്ക്; ഇന്ന് മുതല്‍ പുറത്തിറങ്ങാന്‍ അനുമതി വേണ്ട

പുറത്തിറങ്ങുന്നവര്‍ ഫേസ് മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലാത്തവര്‍ക്ക് 1000 ദിര്‍ഹം പിഴ കൊടുക്കേണ്ടി വരും.

Update: 2020-04-24 01:10 GMT

ദുബായ്: കഴിഞ്ഞ ഏതാനും ആള്ചകളായി ദുബായില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ദുബായ് ആരോഗ്യ വകുപ്പും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും തീരുമാനിച്ചു. ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ നിലവില്‍ വരുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ തീരുമാന പ്രകാരം രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല.

റമദാന്‍ മാസത്തെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തിലുളള സ്വാതന്ത്രം അനുവദിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാത്രി കാല നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ രാത്രി 10 മണി മുതല്‍ കാലത്ത് 6 മണിവരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. പുറത്തിറങ്ങുന്നവര്‍ കര്‍ശനമായും അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും വൈറസ് പടരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുറത്തിറങ്ങുന്നവര്‍ ഫേസ് മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലാത്തവര്‍ക്ക് 1000 ദിര്‍ഹം പിഴ കൊടുക്കേണ്ടി വരും. ഏറ്റവും അടുത്ത കുടുംബ വീടുകളിലേക്ക് സന്ദര്‍ശനം നടത്താം. പക്ഷെ അഞ്ച് പേരില്‍ കൂടരുത്. 60 വയസ്സിന് മുകളിലുള്ളവരെ ഇത്തരം യാത്രകളില്‍ നിന്നും ഒഴിവാക്കണം. റമദാന്‍ പാര്‍ട്ടി സദസ്സുകള്‍ അനുവദിക്കില്ല. റമദാന്‍ ടെന്റുകള്‍ക്കും, മജ്‌ലിസുകള്‍ക്കും അനുമതിയില്ല.

ഷോപ്പിംങ് മാളുകള്‍ക്കും, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉച്ചക്ക് 12 മണിമുതല്‍ രാത്രി 10 മണിവരെ പ്രവര്‍ത്തിക്കാം. ആകെ സൗകര്യത്തിന്റെ 30 ശതമാനത്തില്‍ താഴെ മാത്രമെ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ. മാളുകളില്‍ വിനോദ പരിപാടികളും മറ്റ് ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികളും നടത്താന്‍ പാടില്ല. മാളുകളിലും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കണം. എല്ലാ മാളികളിലും എമര്‍ജന്‍സി ഐസോലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിരിക്കണം. 60 വയസ്സിനു മുകളിലുള്ളവരെയും 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും മാളുകളില്‍ പ്രവേശിപ്പിക്കില്ല. വാങ്ങിയ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ തിരിച്ചെടുക്കാന്‍ പാടുള്ളൂ. പരമാവധി ഉപഭോക്താക്കളെ കറന്‍സി കൈമാറ്റം ഒഴിവാക്കി സ്മാര്‍ട്ട്, കാര്‍ഡ് പെയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കണം. മെട്രോ സര്‍വ്വീസ് 26 ആം തിയ്യതി മുതല്‍ കാലത്ത് 7 മണിമുതല്‍ വൈകീട്ട് 11 മണിവരെ പ്രവര്‍ത്തിക്കും. എന്നാല്‍ പരമാവധി അനുവദിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളുണ്ടാകും. ടാക്‌സിയില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഭക്ഷണ വിതരണം പോലുള്ള ചാരിറ്റികള്‍ വ്യക്തിപരമായ് ചെയ്യുവാന്‍ അനുവദിക്കില്ല. പകരം അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വഴി ഭക്ഷണ വിതരണം നടത്താം.

കുടുംബ വീടുകളിലും അടുത്ത താമസക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധ സാഹചര്യത്തില്‍ കൃത്യമായ് അടച്ച പാത്രങ്ങള്‍ മാത്രം ഉപയോഗിക്കണം. കൂട്ടമായുള്ള പ്രാര്‍ത്ഥനയും നിസ്‌കാരവും അനുവദിക്കില്ല. പ്രായമായവരും മറ്റ് അസുഖങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരും യാതൊരു കാരണവശാലും വീട് വിട്ട് പുറത്തിറങ്ങരുതെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കുന്നു. 

Tags:    

Similar News