കൊവിഡ് 19: രാജ്യത്ത് വീണ്ടും രണ്ട് മരണം

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 341 ആയി. ഇവരില്‍ 41 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.

Update: 2020-03-22 07:15 GMT

മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. മഹാരാഷ്ട്രയില്‍ ചികില്‍സയിലായിരുന്ന 63 കാരനും ബീഹാറില്‍ 34 കാരനുമാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ഇന്നലെയാണ് 63 കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. ഇദ്ദേഹത്തിന് മുമ്പ് തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

അതേസമയം, മഹാരാഷ്ട്രയിക്ക് പുറമേ ബീഹാറിലും രോഗബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇയാള്‍ക്ക് വൃക്ക രോഗം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ നിന്നുമാണ് ഇയാള്‍ ബീഹാറിലെത്തിയത്.

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 341 ആയി. ഇവരില്‍ 41 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചക്കിടെ ഇരട്ടിയായാണ് വര്‍ധിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഒരാഴ്ച പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: