രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു; 1,147 മരണം

ഡല്‍ഹി മയൂര്‍വിഹാറിലെ സിആര്‍പിഎഫ് ക്യാംപില്‍ 12 സൈനികര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി.

Update: 2020-05-01 03:49 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1,147 ആയി ഉയര്‍ന്നു. 24 മണിക്കൂറില്‍ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,993 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 35,043 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി.

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഗുജറാത്തില്‍ 4395 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജസ്ഥാന്‍ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു.

രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്. അതേസമയം രാജ്യത്ത് ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 94 ശതമാനവും രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നവരാണ്. ഡല്‍ഹി മയൂര്‍വിഹാറിലെ സിആര്‍പിഎഫ് ക്യാംപില്‍ 12 സൈനികര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി.

രാജ്യത്ത് മരിച്ച 1,147 കൊവിഡ് രോഗികളില്‍ 49 ശതമാനവും 60 വയസ്സിന് താഴെയുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം രോഗമുക്തി നേടുന്ന നിരക്ക് 25.13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 14 ദിവസം മുമ്പ് ഇത് 13 ശതമാനം മാത്രമായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 45 വയസ്സിന് താഴെയുള്ളവര്‍ 14 ശതമാനവും 45 നും 60 നും ഇടയില്‍ പ്രായമുള്ളവരുടെ മരണനിരക്ക് 34.8 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.