കൊവിഡ് 19: എറണാകുളത്ത് 87 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇതില്‍ 77 പേര്‍ വീടുകളിലും 10 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണുള്ളത്.

Update: 2020-03-15 13:46 GMT

കൊച്ചി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകളത്ത് ഇന്ന് പുതിയതായി 87 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതില്‍ 77 പേര്‍ വീടുകളിലും 10 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണുള്ളത്. നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് 22 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് നാലു പേരെ ഡിസ്ചാജ് ചെയ്തു. നിലവില്‍ 32 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കളമശ്ശേരിയില്‍ 25ഉം മൂവാറ്റുപുഴയില്‍ ഏഴു പേരും. 680 പേരാണ് വീടുകളില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്.

എറണാകുളം ജില്ലയില്‍ നിന്ന് 16 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്കായി ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചത്. 57 വയസ്സുള്ള ലണ്ടന്‍ സ്വദേശിയെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. ഈ മാസം ആറിന് ഉച്ചയ്ക്ക് 12.40നുള്ള വിമാനത്തിലാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രണ്ട് ദിവസം താമസിക്കുകയും എട്ടാം തീയതി തൃശ്ശൂരിലേക്ക് പോകുകയും ചെയ്തു. ഇതിനിടയ്ക്ക് ഇയാള്‍ എവിടെയെല്ലാം സന്ദര്‍ശനം നടത്തിയെന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. ലണ്ടന്‍ സ്വദേശി തങ്ങിയ ഹോട്ടലില്‍ അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിച്ചുകൊണ്ട് കണ്‍ട്രോള്‍ റുമില്‍ ഫോണ്‍ വിളികളെത്തി.

വിദേശത്ത് നിന്നും അതിഥികള്‍ എത്തുന്നുണ്ട് എന്നറിയിച്ച് ഹോട്ടലുകളില്‍ നിന്നും വിളികളെത്തി.കൊറോണ സ്ഥിരീകരിച്ച ലണ്ടന്‍ സ്വദേശി താമസിച്ച അതേ ഹോട്ടലില്‍ താമസിച്ചിരുന്നവരാണ്, അതിനാല്‍ എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു മറ്റൊരു പ്രധാന അന്വേഷണം. കൊറോണ ബാധിത മേഖലകളില്‍ നിന്ന് അതിഥികളായി ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി 1056, 0471 2552056 എന്നീ 'ദിശ' നമ്പറുകളിലോ 0484 2368802, 0484 2423777 എന്നീ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകളിലോ ബന്ധപ്പെടണം.

Tags:    

Similar News