കണ്ണൂര്‍: ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 36 ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഏഴുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 26 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണുള്ളത്. 358 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 98 സാംപിളുകളില്‍ ഒരെണ്ണം പോസിറ്റീവും 90 എണ്ണം നെഗറ്റീവുമാണ്. ഏഴ് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതിനിടെ, കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്റ്റ് 199(എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണെന്ന് മാഹി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമന്‍ ശര്‍മ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.