ഉമര്‍ ഖാലിദിന്റെ കുറ്റപത്രം ചോര്‍ന്ന സംഭവം: പോലിസിനോട് വിശദീകരണം ചോദിച്ച് കോടതി

ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ കുറ്റപത്രങ്ങളിലെ ഭാഗങ്ങളെന്ന് പറഞ്ഞ് തനിക്കെതിരെ അപവാദ കാംപയിന്‍ തുടങ്ങിയിരിക്കുന്നു. പ്രതിക്ക് ഒരു പകര്‍പ്പ് കൊടുക്കുന്നതിനുമുമ്പ് കുറ്റപത്രം വെച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയുടെ വിചാരണക്ക് മുമ്പ് മുന്‍ധാരണ സൃഷ്ടിക്കാനാണെന്ന് ഉമര്‍ ഖാലിദ് കുറ്റപ്പെടുത്തി.

Update: 2021-01-08 09:52 GMT

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരായ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എങ്ങിനേയെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ടേറ്റ്. സംഭവത്തില്‍ ജനവരി 14ന് മുന്‍പ് വിശദീകരണം നല്‍കണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ പോലിസിന് ആവശ്യപ്പെട്ടു.

തനിക്ക് ഒരു പകര്‍പ്പുപോലും തരാതെ തന്റെ പേരിലുള്ള കുറ്റപത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ആരാണെന്ന് ഉമര്‍ ഖാലിദ് വിചാരണ കോടതിയോട് ചോദിച്ചിരുന്നു. ഉമര്‍ ഖാലിദിനെതിരെ ഒരു വിഭാഗം 'മാധ്യമ വിചാരണ' തുടങ്ങിയ പശ്ചാത്തലത്തിലാണ് ഉമര്‍ ഖാലിദ് അഭിഭാഷകന്‍ മുഖേന ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

ഡല്‍ഹി വംശീയാതിക്രമ കേസില്‍ തന്നെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് ഡിസംബര്‍ 26ന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെയും ലഭ്യമാക്കിയില്ലെന്ന് ഉമര്‍ ഖാലിദ് ബോധിപ്പിച്ചു. എന്നാല്‍, ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ കുറ്റപത്രങ്ങളിലെ ഭാഗങ്ങളെന്ന് പറഞ്ഞ് തനിക്കെതിരെ അപവാദ കാംപയിന്‍ തുടങ്ങിയിരിക്കുന്നു. പ്രതിക്ക് ഒരു പകര്‍പ്പ് കൊടുക്കുന്നതിനുമുമ്പ് കുറ്റപത്രം വെച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയുടെ വിചാരണക്ക് മുമ്പ് മുന്‍ധാരണ സൃഷ്ടിക്കാനാണെന്ന് ഉമര്‍ ഖാലിദ് കുറ്റപ്പെടുത്തി. കലാപത്തില്‍ എന്റെ പങ്ക് ഞാന്‍ സമ്മതിച്ചു എന്നാണ് ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താന്‍ പോലിസ് കസ്റ്റഡിയിലായിരിക്കേ ഒരു മൊഴിപോലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നിരിക്കേ കലാപത്തിലെ പങ്ക് സമ്മതിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയാണെന്ന് ഉമര്‍ ഖാലിദ് ചോദിച്ചു. തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇങ്ങനെ ചോര്‍ത്തുന്നതില്‍ തീര്‍ച്ചയായും ഒരു ഗൂഢാലോചനയുണ്ട്. അക്കാര്യം മനസ്സില്‍വെച്ചാണ് കുറ്റപത്രം ആവര്‍ത്തിച്ച് ചോര്‍ത്തിക്കൊടുക്കുന്നതിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണക്കുള്ള എന്റെ അവകാശത്തെയാണ് ചോര്‍ത്തല്‍ ബാധിക്കുന്നതെന്നും ഉമര്‍ ഖാലിദ് കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മജിസ്‌ട്രേറ്റ് പോലിസിനോട് വിശദീകരണം തേടിയത്.

Tags: