സവര്‍ക്കര്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് കോടതി റദ്ദാക്കി

Update: 2026-03-12 16:29 GMT

മുംബൈ: ഹിന്ദുത്വ നേതാവായ വി ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് നാസിക്കിലെ കോടതി റദ്ദാക്കി. പോലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചു എന്നായിരുന്നു കേസ്. നാസിക്കിലെ നിര്‍ഭയ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ പ്രസിഡന്റായ ദേവേന്ദ്ര ഭൂട്ടാഡ എന്നയാളാണ് പരാതിക്കാരന്‍. 2022 നവംബര്‍ 17ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലും അകോളെയിലും ഭാരത് ജോഡോ യാത്രയ്ക്കിടെ സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ചായിരുന്നു പരാതി. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു എന്ന പ്രസംഗത്തിനെതിരെയായിരുന്നു കേസ്. സവര്‍ക്കര്‍ സ്വാതന്ത്ര സമര പോരാളിയാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിച്ചുകാണിക്കുന്നതാണ് രാഹുലിന്റെ പ്രസംഗമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കേസില്‍ 2024ല്‍ രാഹുലിന് സമന്‍സ് അയച്ച കോടതി, പിന്നീട് കോടതി നടപടികളില്‍ ഓണ്‍ലൈനായി ഹാജരാകാനുള്ള അനുവാദം നല്‍കിയിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കുകയാണെന്ന് പരാതിക്കാരന്‍ അറിയിച്ചത്. രാഹുലിന്റെ പ്രസംഗം അപകീര്‍ത്തികരമല്ലെന്നാവാം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്നും, അതിനാലാകാം പരാതിക്കാരന്‍ പിന്‍വാങ്ങിയതെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകരായ ജയന്ത് ജയ്ഭാവേയും ഗജേന്ദ്ര സനപും പറഞ്ഞു.

Tags: