നടുറോഡില്‍ സ്ത്രീക്കും ഭര്‍ത്താവിനും ക്രൂരമര്‍ദനം: കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍

സ്ത്രീയെ മര്‍ദിച്ച സംഭവം അപലപനീയമാണെന്നും ശക്തമായ നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

Update: 2019-07-23 09:20 GMT

വയനാട്: അമ്പലവയലില്‍ നടുറോഡില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്ത്രീയെ മര്‍ദിച്ച സംഭവം അപലപനീയമാണെന്നും ശക്തമായ നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ഞായറാഴ്ച രാത്രിയാണ് അമ്പലവയല്‍ ടൗണില്‍ മര്‍ദനമേറ്റത്. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ െ്രെഡവര്‍ സജീവാനന്ദാണ് മര്‍ദിച്ചത്. നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ഇരുവരെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ഭര്‍ത്താവിനെ ക്രൂരമായി ചോദ്യം ചെയ്തത് ചോദ്യം ചെയ്ത യുവതിയെയും ഇയാള്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ദമ്പതിമാരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പോലിസിന്റെ വിശദീകരണം. എന്നാല്‍ മര്‍ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലിസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തില്‍ സിപിഎം അമ്പലവയല്‍ ബ്രാഞ്ച് കമ്മിറ്റിയും വാട്‌സാപ്പ് യുവജന കൂട്ടായ്മയും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് ശക്തമായ നടപടി എടുത്തില്ലെങ്കില്‍ സ്‌റ്റേഷന്‍ ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.


Tags: