എഎൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി

കഴിഞ്ഞ തവണ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോൾ, കേസിൽ അന്വേഷണം പൂർത്തിയാകും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നു. നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു.

Update: 2019-07-07 13:26 GMT

കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസിൽ എഎൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സിഐ ഇന്ന് ചുമതലയൊഴിഞ്ഞു.

കഴിഞ്ഞ തവണ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോൾ, കേസിൽ അന്വേഷണം പൂർത്തിയാകും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നു. നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പോലിസ് മേധാവിയുടെ വിശദീകരണം.

അതേസമയം, നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പോലിസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മാറുന്നതോടെ കേസിൽ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക. കേസിൽ കുറ്റപത്രം ഇതുവരെ തയാറാകാത്ത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻറെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ശക്തമാണ്.

കേസില്‍ ഷംസീറിന്റെ മുന്‍ ഡ്രൈവര്‍ രാജേഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസിലെ മുന്‍ സെക്രട്ടറി കൂടിയാണ് രാജേഷ്. ഇതേ തുടര്‍ന്ന് കേസില്‍ ഷംസീറിന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡില്‍വച്ച് നസീര്‍ ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ ആ്ക്രമിക്കുകയായിരുന്നു.

Tags:    

Similar News