കൊവിഡ് വാക്സിനെടുത്ത ഡോക്ടര്‍ക്ക് കടുത്ത അലര്‍ജി നേരിട്ടതായി റിപോര്‍ട്ട്

Update: 2020-12-26 14:05 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബൂസ്റ്റണില്‍ കൊവിഡ് വാക്സിനെടുത്ത ഡോക്ടര്‍ക്ക് ഗുരുതരമായ അലര്‍ജി നേരിട്ടതായി റിപോര്‍ട്ട് .'മൊഡേണ'യുടെ വാക്സിനെടുത്ത് നിമിഷങ്ങള്‍ക്കകം തന്നെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണുകയായിരുന്നു. 'അനാഫിലാക്സിസ്' എന്നറിയപ്പെടുന്ന അലര്‍ജി ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാക്കാന്‍ കഴിയുന്ന അവസ്ഥയാണ്.

ബൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററില്‍ ഓങ്കോളജിസ്റ്റായ ഡോ. ഹുസൈന്‍ സഡ്രാസദേയ്ക്കാണ് വാക്സിനെടുത്ത് പതിനഞ്ച് മിനുറ്റിനോടകം ഗുരുതരമായ അലര്‍ജി ലക്ഷണങ്ങള്‍ കണ്ടത്. തലകറക്കവും ഹാര്‍ട്ട് റേറ്റ് അസാധാരണമാം വിധം കൂടുകയും ചെയ്യുകയായിരുന്നു. ഉടനടി അദ്ദേഹത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഏറെ വൈകാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാനുമായി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്ന് തന്നെയാണ് റിവോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തേ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളായിരുന്നുവത്രേ ഡോ. ഹുസൈന്‍. അതിനാല്‍ തന്നെ വാക്സിന്‍ റിയാക്ഷന്‍ വരാന്‍ ഏറെ സാധ്യതകളുള്ള ആളായിരുന്നു എന്ന് അദ്ദേഹം സ്വയം വിലയിരുത്തിയിരുന്നതായി റിവോര്‍ട്ടുകളില്‍ പറയുന്നു. ഏതായാലും ഒറ്റപ്പെട്ട സംഭവങ്ങളില്‍, പരസ്യമായി പ്രതികരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് 'മൊഡേണ'. കമ്പനിയുടെ മെഡിക്കല്‍ സേഫ്റ്റി ടീം ഈ വിഷയം പരിശോധിച്ച് വരുന്നുണ്ടെന്നും വക്താവ് റേ ജോര്‍ദാന്‍ അറിയിച്ചു.

'മൊഡേണ' വാകിസ്നുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരത്തിലൊരു പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്. നേരത്തേ യുഎസില്‍ തന്നെ ഫൈസര്‍- ബയോഎന്‍ടെക് വാക്സിനെടുത്ത ശേഷം 'അനാഫിലാക്സിസ്' സംഭവിച്ച ആറ് കേസുകളെ കുറിച്ച് ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്. ഇതിനിടെയാണ് ഈ സംഭവവും കൂടി. മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കഴിഞ്ഞ മാസം മോഡേണ പറഞ്ഞിരുന്നു. വാക്‌സിന്‍ സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയും, കൂടാതെ ഫൈസര്‍-ബയോ ടെക് ഷോട്ടിലെ തീവ്ര തണുത്ത താപനില ആവശ്യമില്ല.