കൊവിഡ്: തമിഴ്നാട്ടില്‍ പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധനവ്; 24 മണിക്കൂറിനിടെ 88 മരണം; 6,472 കേസുകള്‍

സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964 ആയി ഉയര്‍ന്നു.

Update: 2020-07-23 14:19 GMT

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 6,472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,232 ആയി. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964 ആയി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്നെത്തിയ അഞ്ചു പേരും ഉള്‍പ്പെടും.

ഇന്ന് 62,112 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 21,57,869 സാംപിളുകള്‍ സംസ്ഥാനത്ത് ആകെ പരിശോധിച്ചത്.. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 52,939 ആണ്. ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,336 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നഗരത്തില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 90,900 ആയി. ചെന്നൈയില്‍ 1,947 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.


Tags: