കൊറോണ: ജാമിഅയിലെ പൗരത്വ പ്രക്ഷോഭം താല്‍ക്കാലികമായി നിര്‍ത്തി

ശാഹിന്‍ ബാഗിലെ സമരം ഇപ്പോഴും തുടരുകയാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ശാഹിന്‍ബാഗിലും കുത്തിയിരിപ്പ് സമരം നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Update: 2020-03-22 05:16 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ജാമിഅ സര്‍വകലാശാല വിദ്യാര്‍ഥികള്‍. ഏഴാം ഗേറ്റില്‍ തുടര്‍ന്നുവരുന്ന 24 മണിക്കൂര്‍ സമരമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സമര വളണ്ടിയര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും ജാമിഅ ഏകോപന സമിതി പ്രസ്താവനയില്‍ പറഞ്ഞു.

സമരം തുടങ്ങി 100ാം ദിവസമാണ് സമരത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇതുവരെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തിരുന്നു. നേരത്തെ തന്നെ കൊവിഡ് 19 വ്യാപിക്കുന്ന സാഹര്യത്തില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൊവിഡ് 19 അണുബാധ പടരാതിരിക്കാന്‍ മാര്‍ച്ച് 31 വരെ സമ്മേളനങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍ തലസ്ഥാനത്തെ ഒത്തുചേരലിനുള്ള നിരോധനം കര്‍ശനമാക്കി, ഒത്തുചേരാനുള്ള ആളുകളുടെ എണ്ണം 50ല്‍ നിന്ന് 20 ആക്കി.

അതേസമയം, ശാഹിന്‍ ബാഗിലെ സമരം ഇപ്പോഴും തുടരുകയാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ശാഹിന്‍ബാഗിലും കുത്തിയിരിപ്പ് സമരം നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അണുബാധ പടരാതിരിക്കാന്‍ ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍, പ്രകടനക്കാര്‍ക്ക് മാസ്‌ക് എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.

2019 ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്തിനും നിര്‍ദ്ദിഷ്ട ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമാണ്.