കൊറോണ വൈറസ്: ഇറാനില്‍ ജുമുഅ റദ്ദാക്കി

ഇറാനില്‍ 2,922 പേര്‍ക്ക് കൊറോണ(കോവിഡ് 19) രോഗം സ്ഥിരീകരിക്കുകയും 92 പേര്‍ മരണപ്പെടുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്

Update: 2020-03-04 14:46 GMT

ടെഹ്‌റാന്‍: രാജ്യത്ത് കൊറോണ വൈറസ് വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാനിലെ എല്ലാ പ്രവിശ്യാ തലസ്ഥാനങ്ങളിലും ജുമുഅ നമസ്‌കാരം റദ്ദാക്കിയതായി സ്‌റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. ഇസ്‌ലാമിലെ പ്രധാന പ്രാര്‍ഥനയാണ് വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരം. ടെഹ്‌റാനിലും മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന റദ്ദാക്കിയയെന്ന റിപോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇറാനില്‍ 2,922 പേര്‍ക്ക് കൊറോണ(കോവിഡ് 19) രോഗം സ്ഥിരീകരിക്കുകയും 92 പേര്‍ മരണപ്പെടുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥന റദ്ദാക്കുന്നത് അനുവദനീയമാണെന്നു ഈജിപ്തിലെ ഔഖാഫ് മന്ത്രി മുഹമ്മദ് ജുമാ പറഞ്ഞു. ഒരു ഇസ് ലാമിക രാജ്യത്ത് വൈറസ് പടരുകയും വെള്ളിയാഴ്ചത്തെ പ്രാര്‍ഥന റദ്ദാക്കേണ്ടത് അത്യാവശ്യമാവുകയും ചെയ്താല്‍, പ്രാര്‍ഥന വീട്ടില്‍ വച്ച് ഉച്ചസമയത്ത് നടത്താമെന്ന് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാത്രി ഈജിപ്ഷ്യന്‍ സ്വകാര്യ ടെലിവിഷനായ അല്‍ മെഹ് വാറിനോട് പറഞ്ഞു. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ നാട്ടിലെ ആരോഗ്യ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണമെന്നും ജുമ പറഞ്ഞു.

    ഈജിപ്തില്‍ ഇതുവരെ രണ്ടു കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ നേരിടുന്ന വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങള്‍ പാലിക്കണം. മതപരമായ അഭിപ്രായം പത്യേക മത ഏജന്‍സികളില്‍ നിന്നാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെക്കുറിച്ച് സംസാരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന സ്വയം പ്രഖ്യാപിത പ്രാസംഗികര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. വിഷയത്തില്‍ ഡോക്ടര്‍മാരും വിദഗ്ധരും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തി ലക്ഷ്യമിട്ട് പ്രസംഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





Tags:    

Similar News