രാജ്യത്ത് കൊവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 65,002 പുതിയ രോഗികള്‍; 996 മരണം

കൊവിഡ് ലോകവ്യാപനത്തെ തടയാന്‍ 2020 മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 10 മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Update: 2020-08-15 06:18 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതില്‍ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേര്‍ രോഗമുക്തി നേടി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 49,036 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.

കൊവിഡ് ലോകവ്യാപനത്തെ തടയാന്‍ 2020 മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 10 മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്ഡാണ്‍ പ്രഖ്യാപനത്തിന് ശേഷം 145 ദിവസങ്ങള്‍ പിന്നിടുന്ന ഇന്ത്യയില്‍ രോഗവ്യാപനം കൂടിവരികയാണ്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധ സമൂഹിക വ്യാപനത്തിന്റെ പാതയിലാണ്. രോഗികളും മരണസംഖ്യയും ഇനിയും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12608 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 572734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19427 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 10484 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 401442 ആയി ഉയര്‍ന്നു. നിലവില്‍ 1,51,555 ആക്ടീവ് കേസുകളാണ് ഉള്ളത്. കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7908 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 211108 ആയി ഉയര്‍ന്നു. 104 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3717 ആയി.




Tags: