'വിശപ്പിനേക്കാള്‍ ഭേദം കൊറോണ'; യുപിയിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ജോലിയിലേക്ക് മടങ്ങുന്നു

'ഇവിടെ താമസിക്കാന്‍ എനിക്കു പേടിയുണ്ട്. പക്ഷേ, ഞാനെങ്ങനെ എന്റെ കുടുംബത്തെ തീറ്റിപ്പോറ്റും...?-പ്രസാദ് ചോദിച്ചു.

Update: 2020-06-28 03:28 GMT

ലക്‌നോ: ലോകത്തും ഇന്ത്യയിലും ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചെത്തിയ ഉത്തര്‍പ്രദേശിലെ 30 ലക്ഷത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ചിലര്‍ ജോലിയിലേക്ക് മടങ്ങുന്നു. പട്ടിണിയേക്കാളും വിശപ്പിനേക്കാളും ഭേദമാണ് കൊറോണയെന്നു പറഞ്ഞ് നിസ്സഹായതയോടെയാണ് ഇവര്‍ ജോലിയില്‍ തിരിച്ചെത്തുന്നത്. ഗോരഖ്പൂര്‍ റെയില്‍വേ ജങ്ഷനില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ സര്‍ക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ ട്രെയിനില്‍ പോവാനായി പലരും കാത്തിരിക്കുകയാണ്.

    മുംബൈയില്‍ ഫാക്ടറി തൊഴിലാളിയായ അന്‍സാരി, തന്റെ ടെയ്‌ലറിങ് യൂനിറ്റ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും ഒരു മാസം മുമ്പാണ് താന്‍ നാട്ടിലേക്ക് മടങ്ങിയതെന്നും പറയുന്നു. 'യുപിയില്‍ തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മടങ്ങിവരില്ല. എന്റെ കമ്പനി ഇതുവരെ തുറന്നിട്ടില്ല. പക്ഷേ എനിക്ക് കഴിയുന്ന ജോലികള്‍ കണ്ടെത്താനായി തിരിച്ചുപോവുകയാണ്. വിശപ്പിനേക്കാള്‍ ഭേഗം കൊറോണയാണ്. എന്റെ കുട്ടികള്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് ഞാന്‍ മരിക്കുന്നതല്ലേ...'' ബസ് കയറുന്നതിന് മുമ്പ് അന്‍സാരി എന്‍ഡിടിവിയോട് പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് 30 ലക്ഷത്തിലധികം തൊഴിലാളികളാണ് യുപിയിലേക്ക് മടങ്ങിയത്.

    കൊല്‍ക്കത്തയിലെ സ്ഥാപനത്തില്‍ ടെക്‌നീഷ്യനായ പ്രസാദ് ഹോളിക്ക് വീട്ടിലേക്കു മടങ്ങാനിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാരണം യുപിയില്‍ കുടുങ്ങി. സ്ഥാപനം വീണ്ടും തുറന്നു. അഞ്ച് മക്കളെയും ഭാര്യയെയും ഉള്‍ക്കൊള്ളുന്ന കുടുംബത്തെ പോറ്റാന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു. 'ഇവിടെ താമസിക്കാന്‍ എനിക്കു പേടിയുണ്ട്. പക്ഷേ, ഞാനെങ്ങനെ എന്റെ കുടുംബത്തെ തീറ്റിപ്പോറ്റും...?-പ്രസാദ് ചോദിച്ചു.

    സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്തിട്ടും തിരിച്ചുപോവാന്‍ ഒരുങ്ങുകയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദിവാകര്‍ പ്രസാദും ഖുര്‍ഷിദ് അന്‍സാരിയും. ഉത്തര്‍പ്രദേശില്‍ എംഎന്‍ആര്‍ഇജിഎ(തൊഴിലുറപ്പ് പദ്ധതി)ക്കു കീഴില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് എണ്ണമാണ് രേഖപ്പെടുത്തിയത്. മടങ്ങിയെത്തുന്ന തൊഴിലാളികളുടെ എണ്ണം കൂടുതലുള്ള പിന്നാക്ക മേഖലയായ കിഴക്കന്‍ യുപി ജില്ലയായ സിദ്ധാര്‍ത്ഥ് നഗറിലെ ഇരുപതുകാരനായ എസി ടെക്‌നീഷ്യന്‍ മുഹമ്മദ് ആബിദും പറയുന്നത് മുംബൈയിലേക്ക് മടങ്ങുകയാണെന്നാണ്. 'മുംബൈയില്‍ നല്ല പണമുണ്ട്, എനിക്ക് ഇവിടെ(ഉത്തര്‍പ്രദേശില്‍) കൈകാര്യം ചെയ്യാന്‍ കഴിയില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ ഞങ്ങളിലേക്ക് എത്തുന്നില്ല. തൊഴിലില്ലാത്തതു പോലെ തന്നെയാണ്. ഇവിടെ ഒരു ജോലിയുമില്ല-ആബിദ് പറഞ്ഞു.

    കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയായ രാജേഷ് കുമാര്‍ വര്‍മ മൂന്നുമാസം വീട്ടില്‍ ചെലവഴിച്ച ശേഷം അഹമ്മദാബാദിലെ പലചരക്ക് കടയിലേക്ക് തിരിച്ചുപോവുകയാണെന്നു പറഞ്ഞു. 'സര്‍ക്കാര്‍ റേഷന്‍ നല്‍കുന്നുണ്ട്. പക്ഷേ, മറ്റ് ചെലവുകള്‍ ഉണ്ട്. എംഎന്‍ആര്‍ജിഎയുടെ കീഴിലല്ലാതെ ഇവിടെ ഒരു ജോലിയുമില്ല. എനിക്ക് അവിടെ (അഹമ്മദാബാദില്‍) ഒരു കടയും വാടക മുറിയുമുണ്ട്. ഞാന്‍ അവിടെയെത്തിയില്ലെങ്കില്‍ എങ്ങനെ നല്‍കും?-വര്‍മ ചോദിക്കുന്നു. ലക്ഷക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണെങ്കിലും ജോലിയില്‍ തിരിച്ചെത്താനുള്ള റിസ്‌കെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു ചിലര്‍ പറയുന്നു.

"Coronavirus Better Than Hunger," Say UP Migrant Workers Going Back To Work


Tags:    

Similar News