കൊറോണ: ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും വിലക്ക്

സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമെല്ലാം വിലക്ക് ബാധകമാക്കിയിട്ടുണ്ട്

Update: 2020-03-04 13:38 GMT

റിയാദ്: ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ(കോവിഡ് 19) വൈറസ് പടരുന്നതു തടയിടുന്നതിന്റെ ഭാഗമായി ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമെല്ലാം വിലക്ക് ബാധകമാക്കിയിട്ടുണ്ട്. കൊറോണ ബാധയെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി നേരത്തെ സൗദിക്കു പുറത്തുനിന്നുള്ളവര്‍ക്ക് ഉംറ തീര്‍ത്ഥാടനവും മദീന സന്ദര്‍ശനവും വിലക്കിയിരുന്നു.

    കൊറോണ വൈറസ്(കോവിഡ്-19) പടരുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രത്യേകിച്ച് ലോകാരോഗ്യ സംഘടനയുടെയും ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയാണ് ഉംറ ആവശ്യങ്ങള്‍ക്കുള്ള പ്രവേശനവും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്യമാക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.



 കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും താല്‍ക്കാലിക വിലക്ക് ബാധകമാക്കിയിട്ടുണ്ട്. നിയന്ത്രണം നീക്കുന്നതുവരെ വിലക്ക് ബാധകമായിരിക്കും.

    കൊറോണ വൈറസ്(കോവിഡ് 19) പടരുന്നത് തടയാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായാണ് നടപടി. രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. രാജ്യത്ത് വൈറസ് പടരാതിരിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യനായി സൗദി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലക്ഷക്കണക്കിനു പേരാണ് ദിനംപ്രതി ഉംറയ്ക്കും മദീനയിലെ പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന മസ്ജിദും സന്ദര്‍ശിക്കാനെത്തുന്നത്.






Tags:    

Similar News