കൊറോണ ഭീതി: ചൈനയില്‍നിന്ന് മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തി

Update: 2020-02-07 18:18 GMT

കൊച്ചി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍നിന്ന് മലയാളി വിദ്യാര്‍ഥികള്‍ മടങ്ങിയെത്തി. ചൈനയിലെ ഹുബെ പ്രവിശ്യയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ 17 വിദ്യാര്‍ഥികളുമായി എയര്‍ ഏഷ്യ വിമാനം രാത്രി 11.30ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവരെ കൊച്ചി മെഡിക്കല്‍ കോളജ് ഇന്‍സുലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയാണ്. വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു മാറ്റാനായി അഞ്ച് അണുവിമുക്ത ആംബുലന്‍സുകളും ഒരുസംഘം ഡോക്ടര്‍മാരെയും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളെയെല്ലാം പരിശോധിച്ച ശേഷം ഐസൊലൂഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കാനാണു തീരുമാനം.

    ചൈനയിലെ കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ കമ്പനി അറിയിച്ചതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്കു പോവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളുടെ ദയനീയാവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇവരെ ബാങ്കോക്ക് വഴി കേരളത്തിലെത്തിക്കുകയായിരുന്നു.




Tags:    

Similar News