ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി

Update: 2020-05-14 06:59 GMT

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കോ സ്വകാര്യ ബസുകള്‍ക്കോ സാധിക്കില്ല. നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. എന്നാല്‍ ജനങ്ങള്‍ക്ക് ഇരട്ടി ചാര്‍ജ് ഏര്‍പ്പെടുത്തണമോ എന്നത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. വേണ്ടി വരുമെന്നു തന്നെയാണ് കരുതുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കുക. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുമ്പാള്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കാനാകൂ. ആ നിലയ്ക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കോ, സ്വകാര്യ ബസ് ഉടമകള്‍ക്കോ സാധ്യമല്ല. ഈ വിഷയം അവര്‍ പൊതുഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയേറ്റിലേക്കും കോടതികളിലേക്കും ഇപ്പോള്‍ പരിമിതമായ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Tags: