കതിരൂര്‍ സ്വദേശിക്ക് ഒമാനില്‍ കൊറോണ; രോഗ ബാധ കേരളത്തില്‍ നിന്നാവാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍: കതിരൂര്‍ സ്വദേശി ജോലി സ്ഥലമായ മസ്‌കത്തിലെത്തി മൂന്നു ദിവസത്തിനു ശേഷമാണ് കൊറോണ സ്ഥിരീകരിച്ചതെന്നും രോഗ ബാധ കേരളത്തില്‍ നിന്നാവാന്‍ സാധ്യതയില്ലെന്നൂം ആരോഗ്യ വകുപ്പ് അറിയിച്ചു. പിതാവിന്റെ രോഗ ചികില്‍സാര്‍ത്ഥം ഫെബ്രുവരി 8നു കേരളത്തിലെത്തിയതായിരുന്നു. ആ സമയത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധ പടര്‍ന്നുപിടിച്ചിട്ടില്ലാത്ത സമയമായിരുന്നു. ആയതിനാല്‍ വ്യക്തിയെ ഐസോലേഷനില്‍ പാര്‍പ്പിക്കേണ്ടതില്ല. അതിനുശേഷം മാര്‍ച്ച് 12നാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി ഒമാനിലേക്ക് പോവുന്നത്.
അവിടെയെത്തി ഒരു ദിവസം സഹോദരന്റെ കൂടെ കഴിഞ്ഞു. പിന്നീട് ബസ്സില്‍ 825 കിലോമീറ്റര്‍ ദൂരെയുള്ള സലാലയിലേക്ക് പോയി. അവിടെയെത്തി ഒരു ദിവസം കഴിഞ്ഞാണ് പനിയും തൊണ്ട വേദനയും തുടങ്ങുന്നത്. പിന്നീട് ടെസ്റ്റ് ചെയ്തപ്പോഴാണ് പോസിറ്റീവാവുന്നത്. ഈ വിവരം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പും കണ്ണൂരിലെ കണ്‍ട്രോള്‍ സെല്ലും പ്രവര്‍ത്തന നിരതരായി. ഈ വ്യക്തി തിരിച്ചുപോവുന്നതിനു മുമ്പേയുള്ള എല്ലാ വഴികളും റൂട്ട് മാപ്പും തയ്യാറാക്കി. വ്യക്തി ബന്ധപ്പെടാന്‍ വഴിയുള്ളവരെ തിരിച്ചറിഞ്ഞു. ഏറ്റവും അടുത്ത ബന്ധമുള്ളവരെ താല്‍ക്കാലിക നിരീക്ഷണത്തില്‍ വച്ചു. പിന്നീട് ഗള്‍ഫിലെ സഞ്ചാര പഥം വീക്ഷിച്ചപ്പോഴാണ് കൊറോണ ബാധ ഫ്‌ളൈറ്റില്‍ വച്ചോ ഒമാനില്‍ വച്ചോ ലഭിച്ചതാവാമെന്ന നിഗമനത്തില്‍ എത്തിയത്. എന്നിരുന്നാലും ഇപ്പോള്‍ നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യക്തി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ എല്ലാം നിശ്ചിത ദിവസം വരെ ഐസോലാഷനിലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.