ഡല്‍ഹിയിലെ പോലിസ്-അഭിഭാഷക സംഘര്‍ഷം: അഭിഭാഷകരുടെ അറസ്റ്റിനായി പോലിസ് തെരുവില്‍

ടിസ് ഹസാരി കോടതിയില്‍ വെച്ച് പോലിസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോലിസുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

Update: 2019-11-05 07:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പോലിസ്-അഭിഭാഷക സംഘര്‍ഷം പുതിയ തലത്തിലേക്ക്. പണിമുടക്ക് ആയിരക്കണക്കിന് പോലിസ് ഉദ്യോഗസ്ഥരാണ് പോലിസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. ടിസ് ഹസാരി കോടതിയില്‍ വെച്ച് പോലിസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോലിസുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആയിരത്തോളം പോലിസുകാരാണ് യൂനിഫോമിലെത്തി പ്രതിഷേധസമരം നടത്തുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ വെച്ച് അഭിഭാഷകര്‍ പോലിസിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതുവരേയും സംഭവത്തില്‍ പ്രതികളായ അഭിഭാഷകരെ അറസ്റ്റുചെയ്തിട്ടില്ല. തുടര്‍ന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ തെരുവിലിറങ്ങിയത്.

തുടക്കത്തില്‍ നൂറോളം പൊലീസുകാരാണ് സമരത്തിനെത്തിയതെങ്കിലും പിന്നീട് ആയിരക്കണക്കിന് പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സമരം അനുനയിപ്പിക്കാന്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളായ അഭിഭാഷകരുടെ അറസ്റ്റിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരക്കാര്‍.




Tags: