ദേവസ്വം മന്ത്രിയെച്ചൊല്ലി വിവാദം; സാമൂഹിക മാധ്യമങ്ങളില്‍ പോര് രുക്ഷം
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നായർ പ്രാതിനിധ്യം ഉണ്ടായത് ദേശീയ മാധ്യമങ്ങളടക്കം റിപോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ദലിതനായ ഒരാൾ ആദ്യമായാണോ ദേവസ്വം മന്ത്രിയാകുന്നത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സാമൂഹിക മാധ്യമങ്ങളിലെ വിവാദം. വിക്കിപീഡിയ പേജിൽ എഡിറ്റിങ്ങും പുനർ എഡിറ്റിങ്ങുമൊക്കെയായി വിവാദം കൊഴുത്തു. കെ രാധാകൃഷ്ണനാണ് ദലിതനായ ആദ്യ ദേവസ്വം മന്ത്രിയെന്ന പ്രചാരണത്തിന് പിന്നാലെയാണ് മുൻമന്ത്രി കെകെ ബാലകൃഷ്ണന്റെ വിക്കിപീഡിയാ പേജിൽ എഡിറ്റിങ് യുദ്ധമാരംഭിച്ചത്.
കെ രാധാകൃഷ്ണന് ദേവസ്വംവകുപ്പ് നൽകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സാമൂഹിക മാധ്യങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. ആദ്യമായൊരു ദലിതൻ ദേവസ്വം മന്ത്രിയാകുന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ അത് തെറ്റാണെന്ന വാദവുമായി കോൺഗ്രസ് അനുകൂലികൾ രംഗത്തുവന്നു. ദലിത് വിഭാഗക്കാരനായ കെകെ ബാലകൃഷ്ണൻ നേരത്തേ തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെന്നായിരുന്നു അവർ വ്യക്തമാക്കിയത്.
ഇതിനിടെയാണ് കെകെ ബാലകൃഷ്ണന്റെ പേജിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ 'ദേവസ്വം' എന്നത് ഉൾപ്പെടുത്തുകയും ഒഴിവാക്കപ്പെടുകയും ചെയ്തത്. പിന്നാലെ 1977-ലെ കേരള ഗസറ്റിന്റെ പകർപ്പിലേക്കുള്ള ലിങ്കും പേജിൽ ഉൾപ്പെടുത്തപ്പെട്ടു. ഈ എഡിറ്റിങ്ങുകൾക്കിടെ ഇവർ രണ്ടുമല്ല അതിന് മുമ്പുതന്നെ വെള്ള ഈച്ചരൻ ദേവസ്വം മന്ത്രിയായിരുന്നുവെന്ന വിവരവും പങ്കുവെക്കപ്പെട്ടു. തുടർന്ന്, വിക്കിപീഡിയയിൽ വെള്ള ഈച്ചരന്റെ പേരിൽ ദി വിക്കിഹോളിക് എന്ന പേരിലുള്ള ഉപയോക്താവ് പേജ് നിർമിക്കപ്പെടുകയും ചെയ്തു.
1970-ൽ സി അച്യുതമേനോൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന വെള്ള ഈച്ചരൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഹരിജനക്ഷേമ, സാമൂഹികക്ഷേമ വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. തൃത്താല മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1977-ൽ കെ കരുണാകരൻ മന്ത്രിസഭയിലാണ് കെകെ ബാലകൃഷ്ണൻ ഹരിജന ക്ഷേമത്തിന് പുറമേ ദേവസ്വം ചുമതലയും വഹിച്ചത്. 1980-1981ൽ ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കെ എംകെ കൃഷ്ണനും ദേവസ്വത്തിന്റെ ചുമതല വഹിച്ചു. ഇവർക്ക് പിന്നാലെയാണ് ഈ മന്ത്രിസഭയിലേക്ക് ചേലക്കരയിൽനിന്നുള്ള കെ രാധാകൃഷ്ണൻ കടന്നുവരുന്നത്.
1996-2001 ലെ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ദേവസ്വം വകുപ്പ് സ്വതന്ത്ര വകുപ്പായി മാറ്റിയതെന്നും അങ്ങിനെ നോക്കുമ്പോൾ കെ രാധാകൃഷ്ണനാണ് ആദ്യത്തെ ദലിത് ദേവസ്വം മന്ത്രിയെന്നായിരുന്നു ഇടത് അനുകൂലികളുടെ വാദം. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നായർ പ്രാതിനിധ്യം ഉണ്ടായത് ദേശീയ മാധ്യമങ്ങളടക്കം റിപോർട്ട് ചെയ്തിട്ടുണ്ട്.
