വീണാ വിജയനെതിരായ മാസപ്പടി വിവാദം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്

Update: 2023-08-09 14:39 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, പുതുപ്പള്ളി തിരഞ്ഞെടുപ്പ് കണ്ട് മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാനാണ് മാധ്യമശ്രമമെന്ന് സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ പുറത്തുവന്ന മാസപ്പടി വിവരങ്ങള്‍ അതീവ ഗൗരവമേറിയതണെന്നും പ്രതിപക്ഷം പറഞ്ഞു. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്ന നിലയില്‍ വിഷയത്തെ ഗൗരവത്തോടെ കാണാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രത്യേകിച്ച് കേരളം പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതിനാല്‍ രാഷ്ട്രീയ ആയുധമാക്കാമെന്നും കണക്കുകൂട്ടുന്നു.

നിയമസഭ നടക്കുന്നതിനാല്‍ മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. നേരത്തേ, പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ വീണയുടെ മെന്റര്‍ ആണെന്ന് നിയമ സഭയില്‍ മാത്യു കുഴല്‍നാടന്‍ പരാമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയിരുന്നു ഇതിനിടെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷും പ്രതികരണവുമായെത്തി. അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്‍മയായി മാറുമെന്നും കളി തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാത്തിരുന്ന് കാണാമെന്നുമാണ് സ്പ്‌ന ഫേസ്ബുക്കില്‍ കുറിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സര്‍വീസ് ചാര്‍ജ്, മുന്‍കൂര്‍ പണമിടപാടുകള്‍, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകള്‍... സ്വപ്നാസുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്‌ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേര്‍ന്ന് മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍!. എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവന്‍ കൊള്ളയടിക്കാന്‍ പരസ്യമായി കൂട്ടുനില്‍ക്കുന്നത്. ഇത് ഇവരില്‍ രണ്ടുപേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണ്...!!! അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും എന്നായിരുന്നു സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്.


Tags: