ആദ്യമായി സിപിഎം ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ വിവാദം; കേസെടുക്കണമെന്ന് പ്രതിപക്ഷം

പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യം നല്‍കിയ ദേശീയ പതാകയെ അവഹേളിക്കും വിധമാണ് സിപിഎം ഓഫിസില്‍ പതാക ഉയര്‍ത്തിയിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍ ആരോപിച്ചു.

Update: 2021-08-15 05:18 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായി പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് തടയിടാനും വിട്ടുനില്‍ക്കലിനു വിശദീകരണം നല്‍കിയുമാണ് പാര്‍ട്ടി ആദ്യമായി പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പാര്‍ട്ടി ഓഫിസുകളിലും ഇതരസംഘടനാ ഓഫിസുകളിലും ബന്ധപ്പെട്ട സെക്രട്ടറിമാരാണു രാവിലെ ദേശീയപതാക ഉയര്‍ത്തിയത്.

അതേസമയം, സിപിഎം സംസ്ഥാന ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്തിയത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാക സ്ഥാപിക്കരുതെന്ന നിയമം നിലനില്‍ക്കെ ദേശീയ പതാകയ്ക്ക് തൊട്ടടുത്തായി അതേ ഉയരത്തില്‍ പാര്‍ട്ടി കൊടിയും ഉയര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്.

പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യം നല്‍കിയ ദേശീയ പതാകയെ അവഹേളിക്കും വിധമാണ് സിപിഎം ഓഫിസില്‍ പതാക ഉയര്‍ത്തിയിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍ ആരോപിച്ചു.സിപിഎമ്മിനെതിരെ ഇന്ത്യന്‍ ഫഌഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

പൂര്‍ണസ്വാതന്ത്ര്യം അകലെ എന്നായിരുന്നു സിപിഎമ്മിന്റെ ഇതുവരെയുള്ള നിലപാട്.അതിനു സംഘടന ചരിത്രപരമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിരത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരികയും സംഘപരിവാര്‍ ദേശീയതാവാദം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു സ്വാതന്ത്ര്യ ദിനാഘോഷത്തിനും സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്ക് വിശദീകരിച്ചുളള പരിപാടികള്‍ക്കും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.

Tags: