ഗുജറാത്തിലെ വിവാദ ഭീകരവിരുദ്ധ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി

ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിയമാനുസൃതമായ തെളിവായി കണക്കാക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് പുതിയ നിയമത്തിലുള്ളത്

Update: 2019-11-06 12:06 GMT

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്ത് നിയമസഭ 2015 മാര്‍ച്ചില്‍ പാസാക്കിയ വിവാദ ഭീകരവിരുദ്ധ നിയമമായ 'ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം (ജിസിടിഒസി) ബില്ലി'ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിയമാനുസൃതമായ തെളിവായി കണക്കാക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് പുതിയ നിയമത്തിലുള്ളത്. നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ജഡേജ വ്യക്തമാക്കി. ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്‍(ഗുജ്‌കോക്) എന്ന് നേരത്തേ വിശേഷിപ്പിച്ചിരുന്ന ബില്‍ 2004 മുതല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മൂന്നുതവണ രാഷ്ട്രപതിയുടെ അംഗീകാരം നേടാനായി വിട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. 2015ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ജിസിടിഒസി എന്ന് പുനര്‍നാമകരണം ചെയ്ത് ബില്‍ വീണ്ടും അവതരിപ്പിച്ചു. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ടാപ്പ് ചെയ്യാനും കോടതിയില്‍ തെളിവായി സമര്‍പ്പിക്കാനും പോലിസിനെ അധികാരപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകള്‍ നിലനിര്‍ത്തിയാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. കൊലപാതകം, പണം തട്ടിപ്പ്, മയക്കുമരുന്ന് വ്യാപാരം, കൊള്ളയടി തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബില്ലിലെ വ്യവസ്ഥകള്‍ ഏറെ ഗുണകരമാവുമെന്നും പധാനമന്ത്രി മോദിയുടെ സ്വപ്നം പൂര്‍ത്തീകരിച്ചെന്നും ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞു.

    ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിയമാനുസൃതമായ തെളിവായി കണക്കാക്കപ്പെടുന്നതും പ്രത്യേക കോടതി സൃഷ്ടിക്കാനും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാ ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. സ്വത്തുവകകള്‍ കൈമാറ്റം ചെയ്യുന്നത് തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദ സംഘടനകള്‍ക്ക് വളമേകുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ചെറിയൊരു തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ നിയമം സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം പ്രതികളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്. മാത്രമല്ല, പരമാവധി വധശിക്ഷയും 10 ലക്ഷം രൂപ പിഴയും ഈടാക്കാനും നിയമം അനുശാസിക്കുന്നു. 2002ലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണത്തെ തുടര്‍ന്നാണ് 2003ല്‍ എപിജെ അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്ന സമയത്താണ് ഇത്തരമൊരു നിയമം കൊണ്ടുവന്ന് അനുമതിക്കു വേണ്ടി അയച്ചത്.




Tags:    

Similar News