സമാന്തര തുരങ്കത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു; കുട്ടിയെ പുലര്‍ച്ചെയോടെ പുറത്തെത്തിക്കാനാവുമെന്ന് രക്ഷാപ്രവര്‍ത്തകര്‍

നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് നാഗപട്ടണത്ത് നിന്നാണ് എത്തിച്ചിരിക്കുന്നത്. തുരങ്കം നിര്‍മാണം പുരോഗമിക്കുകയാണ്. കുഴല്‍കിണറിന് ഒരുമീറ്റര്‍ അകലെ 110 അടി താഴ്ചയിലാണ് പാറ തുരന്ന് തുരങ്കം നിര്‍മിക്കുന്നത്.

Update: 2019-10-27 19:06 GMT

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദേശീയ ദുരന്തനിവാരണസേന നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ റിഗ് റിങ് മെഷീന്‍ ഉപയോഗിച്ച് കുഴല്‍കിണറിന് സമാന്തരമായി തുരങ്കം നിര്‍മിച്ച് കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം. നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗിക്കുന്ന കൂറ്റന്‍ റിഗ് നാഗപട്ടണത്ത് നിന്നാണ് എത്തിച്ചിരിക്കുന്നത്. തുരങ്കം നിര്‍മാണം പുരോഗമിക്കുകയാണ്. കുഴല്‍കിണറിന് ഒരുമീറ്റര്‍ അകലെ 110 അടി താഴ്ചയിലാണ് പാറ തുരന്ന് തുരങ്കം നിര്‍മിക്കുന്നത്.

സംഭവസ്ഥലത്തേക്ക് അത്യാധുനിക യന്ത്രം കൊണ്ടുവരുന്നതിന് ആദ്യം തടസ്സം നേരിട്ടെങ്കിലും പിന്നീട് ഇത് പരിഹരിച്ചു. ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി. ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയെ പുറത്തെടുക്കാനാവുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ടി എം ജിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. തെര്‍മല്‍ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചു. കുട്ടി ഇനി താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുമെടുത്തിട്ടുണ്ട്. തുരങ്കത്തിലൂടെ കുട്ടിയുടെ അടുത്തേക്ക് പോവാനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ട്.

പുതിയ യന്ത്രം കൊണ്ടുവന്നത് നിര്‍മാണം വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകീട്ടാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്. 26 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ 100 അടി താഴ്ചയിലേക്ക് പതിച്ചു. പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതോടെയാണു വന്‍ കിണറുകള്‍ നിര്‍മിച്ചുപരിചയമുള്ള ഒഎന്‍ജിസിയുടെ സഹായം ജില്ലാഭരണകൂടം തേടിയത്.

കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടര്‍ച്ചയായി കിണറ്റിലേക്കു ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുമുണ്ട്. കുട്ടി കുടുങ്ങിക്കിടക്കുന്ന കുഴല്‍കിണറിന് 600 അടിയാണ് ആഴം. ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കമ്മീഷണറും അപകടസ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയാണ്.

Tags:    

Similar News