കര്‍ഷക കൂട്ടക്കുരുതി: പഞ്ചാബില്‍നിന്ന് യുപി ലഖിംപൂരിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്

Update: 2021-10-06 13:58 GMT

മൊഹാലി: കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബിലെ മൊഹാലിയില്‍നിന്ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു അറിയിച്ചു. വ്യാഴാഴ്ച സിദ്ദുവിന്റെ നേതൃത്വത്തിലാവും മാര്‍ച്ച് നടക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. ലഖിംപൂര്‍ ഖേരിയിലെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരെ യുപി പോലിസ് തടഞ്ഞിരുന്നു.

അതേസമയം, ലഖ്‌നോ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘവും ലഖിംപൂരിലേക്ക് യാത്ര തിരിച്ചു. രാഹുലിനെ യുപി പോലിസ് തടഞ്ഞിരുന്നു. പോലിസ് നിര്‍ദേശിക്കുന്ന റൂട്ടുവഴി മാത്രമേ രാഹുലിന്റെ വാഹനം കടത്തിവിടുകയുള്ളൂവെന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍, താന്‍ സ്വകാര്യവാഹനത്തില്‍ പൊയ്‌ക്കൊള്ളാമെന്നും പോലിസുകാരുടെ നിയന്ത്രണത്തില്‍ പോവാന്‍ താല്‍പര്യമില്ലെന്നും രാഹുലും പറഞ്ഞു. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനുമൊപ്പം രാഹുല്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തര്‍ക്കത്തിനൊടുവില്‍ പോലിസ് രാഹുലിന് സ്വകാര്യവാഹനത്തില്‍ ലഖിംപൂരിലേക്ക് പോവാനുള്ള അനുമതി നല്‍കി. സീതാപൂരിലെത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപൂര്‍ ഖേരിയിലേക്കു പോവുക. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരും രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്ക് പഞ്ചാബും ചത്തീസ്ഗഡും 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ശര്‍മയുടെ മകന്റെ കാര്‍ ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരേ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. അതിനിടെയാണ് സംഭവം. അതേസമയം, കര്‍ഷകര്‍ പ്രതിഷേധത്തില്‍നിന്ന് പിരിഞ്ഞുപോവുന്ന സമയത്ത് മൂന്ന് വാഹനങ്ങളുമായി കേന്ദ്രമന്ത്രി അജ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സ്ഥലത്തെത്തിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ആശിഷ് മിശ്ര കര്‍ഷകര്‍ക്കുനേരേ വാഹനം ഓടിച്ചുകയറ്റുകയും കര്‍ഷക നേതാവ് തജീന്ദര്‍ സിങ് വിര്‍ക്കിനെ ഇടിച്ചിടുകയും ചെയ്തുവെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച ആശിഷ് മിശ്ര, സംഭവം നടന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.


Tags:    

Similar News