അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നത് ഉറപ്പാണ്

Update: 2019-02-22 13:54 GMT

ഡെറാഡൂണ്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളെല്ലാം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് പറഞ്ഞു. ഋഷികേശില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയെ കുറിച്ചു ഞാന്‍ നേരത്തേ ഒരു പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയെന്ന നിലയില്‍ പരിഗണിക്കണം. ധാര്‍മ്മികതയില്ലാത്ത ഒരു കൂട്ടം പ്രവര്‍ത്തകര്‍ അടങ്ങിയ പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസ് ധാര്‍മ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ബിജെപി രാമക്ഷേത്രത്തെ രാഷ്ട്രീയമായി ഉപയോഹിക്കുകയാണ്. ഞങ്ങള്‍ അധികാരത്തിലേറിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയുള്ളുവെന്നത് ഉറപ്പാണ്. മോദി മാത്രമാണ് ദേശീയവാദി എന്ന നിലയിലാണ് ബിജെപി പ്രചാരണം. മോദിയെ ഇത്തരത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കുന്നു. രാജ്യത്തെ ഓരോരാളും ദേശീയവാദിയാണ്. കര്‍ണാടകയില്‍ പണവും മസില്‍പവറും ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ ഏജന്‍സികളെ രാഷ്ട്രീയായുധമാക്കി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് പകരമായി തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 27സീറ്റുകളും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കൈക്കലാക്കുമെന്നും അദ്ദേഹം പറഞ്ഞു.




Tags: