കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി ഈടാക്കേണ്ടി വരുമെന്ന് ജയറാം രമേശ്

Update: 2024-03-29 12:14 GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരേ നികുതി ഭീകരതയാണ് നടക്കുന്നതെന്നും ബിജെപി അക്കൗണ്ടുകളുടെ കാര്യത്തില്‍ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് പിഴ നിശ്ചയിച്ച രീതി പ്രകാരമാണെങ്കില്‍ ബിജെപിയില്‍ നിന്ന് 4617 കോടി ഈടാക്കണം. ബിജെപിയില്‍ നിന്ന് പിഴ ഈടാക്കാന്‍ പൊതു താല്‍പര്യ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ വിദേശ രാജ്യങ്ങളുടെ അഭിപ്രായ പ്രകടനങ്ങളോടുള്ള ചോദ്യത്തിന്, ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തിന്റെ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു ജയറാം രമേശിന്റെ മറുപടി. കോണ്‍ഗ്രസിന് 1823 കോടി നികുതി അടയ്ക്കാനുള്ള നോട്ടീസാണ് ആദായനികുതി വകുപ്പില്‍ നിന്ന് ലഭിച്ചത്. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കും. നടപടി കോണ്‍ഗ്രസിന്റെ മനോബലം തകര്‍ക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാന്‍ എയും പ്ലാന്‍ ബിയുമുണ്ട്. 201617 വര്‍ഷത്തില്‍ 181.90 കോടി രൂപയും 201718 വര്‍ഷത്തില്‍ 178. 73 കോടി രൂപയും 201819 വ!ര്‍ഷത്തില്‍ 918.45 കോടി രൂപയും 2019 20 വര്‍ഷത്തില്‍ 490.01 കോടി രൂപയുമാണ് ചുമത്തിയിരിക്കുന്നത്. സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ട്.എന്നാല്‍ ബിജെപിയുടെ 2016 മുതല്‍ 2022 വരെയുള്ള പിഴ 4617 കോടി രൂപ വരും. സംഭാവന വിവരങ്ങള്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നല്‍കണം. എന്നാല്‍, സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ബിജെപി മറച്ചു വച്ചു. മേല്‍വിലാസവും പേര് വിവരങ്ങളും ഇല്ലാതെ സംഭാവന സ്വീകരിച്ചത് നിയമ വിരുദ്ധമാണ്. ഈ സംഭാവനകള്‍ക്ക് ആദായ നികുതി ഇളവുകള്‍ക്ക് അര്‍ഹതയില്ല. ഇങ്ങനെ സ്വീകരിച്ച സംഭാവനയ്ക്ക് പിഴ ഈടാക്കേണ്ടതാണെന്നും ബിജെപിക്ക് എതിരെ ആദായനികുതി വകുപ്പിന് മൃദു സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News